ഗസ്സ: ഫലസ്തീനിൽ അതിക്രമം തുടരുന്ന ഇസ്രായേൽ സൈന്യത്തിനെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ മന്ത്രിയുടെ മകനും. മാസ്റ്റർ സെൻജന്‍റ് ഗാൽ മെയർ ഐസെൻകോട്ട് (25) ആണ് മരിച്ചത്. ഹെർസ്ലിയയിലെ 699മത് ബറ്റാലിയനിലെ 551മത് ബ്രിഗേഡിൽ അംഗമാണ് ഗാൽ മെയർ.
ഇസ്രായേൽ മന്ത്രിയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് മുൻ മേധാവിയുമായ ഗാഡി ഐസെൻകോട്ടിന്‍റെ മകനാണ് ഗാൽ മെയർ. 2015 ഫെബ്രുവരി മുതൽ 2019 ജനുവരിയാണ് ഗാഡി ഐസെൻകോട്ട് മേധാവി സ്ഥാനത്ത് ഉണ്ടായിരുന്നത്. ബെന്നി ഗാന്‍റ്സിന്‍റെ നാഷണൽ യൂണിറ്റി പാർട്ടി അംഗമായ ഗാഡി 2022ലാണ് നെസെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വ്യാഴാഴ്ച വടക്കൻ ഗസ്സയിലെ ജബലിയ ക്യാമ്പിൽ ഹമാസ് നടത്തിയ ബോംബ് സ്ഫോടനത്തിലാണ് ഗാൽ മെയർ ഐസെൻകോട്ട് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൈനികനെ ഇസ്രയേലിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആണ് മരണവിവരം പുറത്തുവിട്ടത്.
തെക്കേ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ സെർജന്‍റ് മേജറായ ജൊനാഥൻ ഡേവിഡ് (34) ഡീച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് തിരിച്ചടിയിൽ മൂന്നു സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 88 ഇസ്രായേൽ സൈനികരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ മഹാരാഷ്ട്രയിൽ കുടുംബവേരുള്ള ഗിൽ ഡാനിയെൽസ് (34) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ പത്തിനാണ് ഗിൽ റിസർവ് സൈന്യത്തോടൊപ്പം ചേർന്നത്.
അതേസമയം, ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് കൗമാരക്കാരടക്കം നാലുപേർ കൊല്ലപ്പെട്ടു. ജെനിൻ നഗരത്തിൽ 16കാരനും തൂബാസിൽ രണ്ട് സഹോദരന്മാരും നാബുലസിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൂടാതെ, വീടുകളിൽ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
ബെത്‍ലഹേമിന് സമീപം ഐദ അഭയാർഥി ക്യാമ്പ്, സിലാത് അൽ ദഹ്ർ, അൽ അതാര, അൽ ജലാമ, അൽ അർഖ എന്നിവിടങ്ങളിലുമാണ് വ്യാപക റെയ്ഡ് സേന നടത്തുന്നത്. ഒക്ടോബർ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കിൽ നിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.