തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചുവെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന് അനുകൂലമായ നിലപാടിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തും.
മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്നമായി കാണരുത്. ശശി തരൂരുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ഇന്ന് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ യോഗത്തിൽ വിഴിഞ്ഞം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. എല്ലാവർക്കും ഒരു പരിഹാരത്തിലേക്ക് വരണമെന്നുള്ള ആഗ്രഹമുണ്ട്. പരിഹാരത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചു. ആദ്യമേ സഭയ്ക്കുണ്ടായിരുന്ന താത്പര്യവും അതാണ്. എന്നാൽ ജനവികാരം ഉണ്ടല്ലോ. അത് ന്യായമായതുമാണ്. സർക്കാരും സമരസമിതിയും പ്രശ്നം പരിഹരിക്കാൻ തയ്യാറാവണമെന്ന് ആലഞ്ചേരി പറഞ്ഞു.
സർക്കാരിന് കടുംപിടിത്തമില്ല. അവർക്ക് തുറമുഖം പണിയണമെന്നത് അത്യാവശ്യമാണ്. കരാറൊപ്പിട്ട കാര്യമാണ്. അതിനോട് സമരം നടത്തുന്നവരും അനുകൂലിക്കേണ്ട സാഹചര്യമുണ്ടാവും. അത് അവർ സമ്മതിക്കണം. പക്ഷെ അവർക്ക് അതിലേറെ ന്യായമായ അവകാശങ്ങളുണ്ട്. അവരുടെ ജീവിതം വളരെ കഷ്ടതയിലാണ്. അവരുടെ പൊതുവായ പുരോഗതിക്കും സർക്കാരും ഒത്തിരി കാര്യം ചെയ്യേണ്ടതുണ്ട്. അത് കൊണ്ട് കൂടിയാണ് സമരം. അല്ലാതെ തുറമുഖ നിർമ്മാണം നിർത്തിവെക്കാനാണ് സമരമെന്ന് കരുതുന്നില്ല.
വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്നമല്ല അത്. ഒരു ഭാഗത്ത് ഒരു വിഭാഗക്കാർ കൂടുതലായി താമസിക്കുന്നുവെന്നത് കൊണ്ട് അവിടെയുള്ളവരുടെ മാത്രം പ്രശ്നമാകില്ല. ഇത് പൊതുവായ പ്രശ്നമാണ്, മനുഷ്യസമൂഹത്തിന്റെയാകെ പ്രശ്നമാണ്. ഏത് ഭാഗത്തും ഏതാളുകളുടെയും പ്രശ്നം നമ്മുടെ പൊതുപ്രശ്നം തന്നെയാണെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.