കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
സിംഗിൾ ബഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ വാദിച്ചു.
ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്.