മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു എന്നത് അവിശ്വസനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. നിരന്തരമായി ബന്ധപ്പെടുന്ന വ്യക്തിയായിരുന്നു. നിയമസഭയിൽ ഒരുമിച്ചാണ് എത്തിയത്. സൗഹൃദം എല്ലാ കാലത്തും തുടർന്നിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാനം രാജേന്ദ്രൻ സൗമ്യനും സരസനുമായിരുന്നു. മൂർച്ചയുള്ള വാക്കുകൾ നർമ്മരസം ചേർത്താണ് സഭയിൽ അവതരിപ്പിച്ചിരുന്നത്. കാനത്തിന്റെ വാക്കുകൾ ലോകം ശ്രദ്ധിക്കുമായിരുന്നു. വ്യത്യസ്ത മുന്നണികളിൽ ആയിരുന്നു എങ്കിലും അദ്ദേഹം മികച്ച നേതാവ് ആയിരുന്നു എന്ന് പറയാതെ വയ്യ. വളരെ അടുത്ത സുഹൃത്ത് ആയിരുന്നു. വിമർശനങ്ങളിൽ പോലും സുഹൃത്ത് ബന്ധം തടസമായി വന്നിരുന്നു. അത്രമേൽ അടുപ്പം ഉണ്ടായിരുന്നു. ഈ മരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാനം രാജേന്ദ്രന്റെ വേർപാട് കേരളത്തെ ദുഃഖിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.