താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു; കാർ യാത്രികന് പിഴ ചുമത്തി എ.ഐ ക്യാമറ

കോട്ടയം: കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു. കാര്‍ ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് മൊബൈലില്‍ അറിയിപ്പ് നല്‍കിയത്.

കാര്‍ കായംകുളത്ത് സര്‍വീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്.

അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞതാണ് പ്രശ്‌നമായതെന്ന് കണ്ടെത്തിയത്. താടി ചൊറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News