EntertainmentNews

ദാരിദ്ര്യം പിടിച്ചിരുന്ന സമയത്ത് എനിക്ക് മുന്നിലേക്ക് വന്ന വേഷമാണ്; ആർക്കും വിശ്വാസമുണ്ടായിരുന്നില്ല!: സ്വാസിക

കൊച്ചി:മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സ്വാസിക. സിനിമയിലും സീരിയലിലും എല്ലാം ഒരുപോലെ സജീവമായി നിൽക്കുകയാണ് താരമിന്ന്. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും സ്വാസിക പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സീത എന്ന പരമ്പരയിലെ സ്വാസികയുടെ ടൈറ്റിൽ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോൾ സിനിമയിലും തിളങ്ങി നിൽക്കുകയാണ് താരം. സ്വാസിക അഭിനയിച്ച മൂന്ന് സിനിമകളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിവയാണ് ചിത്രങ്ങൾ. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചതുമാണ് അതിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇറങ്ങിയ ഇറോട്ടിക് ഗണത്തിൽ വരുന്ന സിനിമയാണിത്, സ്വാസികയുടെ കഥാപാത്രം ശ്രദ്ധനേടുന്നുണ്ട്. ഇപ്പോഴിതാ, അങ്ങനെയൊരു കഥാപാത്രം താൻ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് സ്വാസിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും നല്ല കഥാപാത്രങ്ങള്‍ ഒന്നും തന്നെ തേടിയെത്തിയിരുന്നില്ലെന്നും തന്നെ വിശ്വസിച്ച് ആരും കഥാപാത്രങ്ങള്‍ നല്കിയിരുന്നില്ലെന്നും സ്വാസിക പറയുന്നു. അങ്ങനെ ഒരു സമയത്ത് ഒരാൾ തന്നെ വിശ്വസിച്ച് അവസരം നൽകിയപ്പോൾ അത് ഉപയോഗപ്പെടുത്തിയത് ആണെന്നും സ്വാസിക പറഞ്ഞു. യെസ് പറഞ്ഞ ശേഷമാണ് ഇത് എങ്ങനെ ചെയ്യുമെന്ന ചിന്തപോലും ഉണ്ടാകുന്നതെന്നും താരം പറയുന്നു. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ.

‘കഴിഞ്ഞ 13 വര്‍ഷമായി ഞാൻ ഈ മേഖലയിൽ ഉണ്ടെങ്കിലും നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു. ആരെങ്കിലും എന്നെ ഒന്ന് വിശ്വസിച്ച് ഒരു കഥാപാത്രം ഏല്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ വിചാരിക്കുമായിരുന്നു. ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഒപ്പം കിട്ടിയാൽ ചെയ്ത് ഫലിപ്പിക്കാൻ പറ്റുമെന്ന പ്രതീക്ഷയും. പക്ഷെ ആരും വിശ്വസിച്ച് ഒരു കഥാപാത്രം ഏൽപിക്കാൻ തയ്യാറായിരുന്നില്ല,’

‘അങ്ങനെ 13 വർഷമായിട്ടും അങ്ങനെയൊരു ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനൊരു കഥാപാത്രം വന്നപ്പോൾ, ആദ്യം തന്നെ യെസ് പറഞ്ഞു. മുഴുനീള വേഷം ആയിരുന്നു, നിരവധി ലേയറുകളുള്ള കഥാപാത്രമായിരുന്നു,’

‘യെസ് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ഇത് എങ്ങനെ അഭിനയിച്ച് പ്രതിഫലിപ്പിക്കും ഞാൻ കംഫര്‍ട്ടബിള്‍ ആയിരിക്കുമോ എന്നെല്ലാം ചിന്തിക്കുന്നത്. എനിക്ക് കഥ പറഞ്ഞു തന്നപ്പോൾ തന്നെ ബോൾഡ് രംഗങ്ങളെ കുറിച്ച് പറഞ്ഞു തന്നിരുന്നു. ഞാൻ അങ്ങനെ മുന്നേ ചെയ്തിട്ടില്ല. ലുക്ക് വെച്ച് ശരിയാകുമോ എന്നെല്ലാം ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് തനിക്ക് ചെയ്യാൻ പറ്റുമെന്ന് വിശ്വാസമുണ്ട്. ഇല്ലെങ്കിൽ തന്നെ തന്നെക്കൊണ്ട് ചെയ്യിച്ച് എടുക്കാം എന്ന വിശ്വാസം ഉണ്ട് എന്നാണ്,’

ലളിതാമ്മയോട് പറഞ്ഞപ്പോൾ അമ്മയും ചെയ്യാൻ പറ്റും മിനിസ്ക്രീൻ താരമാണെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട കാസ്റ്റ് ചെയ്യ് എന്നാണ് പറഞ്ഞതെന്നും ഒക്കെ സിദ്ധാർഥ് പറഞ്ഞെന്നും സ്വാസിക പറയുന്നുണ്ട്. നേരത്തെ റിസ്ക്ക് എടുക്കാൻ തീരുമാനിച്ച് തന്നെയാണ് താൻ ആ വേഷം തിരഞ്ഞെടുത്തതെന്ന് സ്വാസിക പറഞ്ഞിരുന്നു. താന്‍ നോ പറഞ്ഞാല്‍ ആ കഥാപാത്രം ഏറ്റെടു്ക്കാന്‍ മലയാളത്തിലെ ഏതെങ്കിലും ഒരു നടി എത്തും. അങ്ങനെയാണ് റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചതെന്ന് സ്വാസിക പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button