തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ. സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് നിയമസഭയില്‍ വെച്ചത്. കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടല്ല എന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാമ്പില്‍ എഡിജിപിക്ക് ക്ഷണമുണ്ടായിരുന്നില്ല. എഡിജിപി നടത്തിയത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രണ്ട് വ്യക്തികള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. എഡിജിപി യോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സുഹൃത്താണ്. അതിനാല്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. സംസ്ഥാന പൊലീസ് മേധാവിയായുള്ള സ്ഥാനക്കയറ്റത്തിനാണ് എഡിജിപി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി സന്ദർശനം നടത്തിയത് എന്ന വാദത്തിന് തെളിവില്ല എന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് സർക്കാർ പരിശോധിച്ചു വരികയാണെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയത്.