തിരുവനന്തപുരം: ഓണത്തിന്‍റെ ആഘോഷത്തിലേക്ക് മലയാളികൾ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യവും കാര്യങ്ങൾ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിൽ ഇന്നുകൊണ്ട് സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതുകൊണ്ടുതന്നെ ഇക്കുറി ഓണത്തിന് മഴ വലിയ വെല്ലുവിളിയായി മാറിയേക്കും.
കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇന്ന് നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമായിരിക്കും.
അതേസമയം ഉത്രാടദിനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിനമായ എട്ടാം തിയതിയാകട്ടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 8 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 9 വരെയും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ 8, 9 തീയതികളിൽ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 8 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 9 വരെയും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ 8, 9 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
05-09-2022 മുതൽ 09-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
05-09-2022 മുതൽ 07-09-2022 വരെ: കേരളം തീരം അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ അറബി കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
08-09-2022: കേരളം-കർണാടകം തീരം അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ -മധ്യ കിഴക്കൻ അറബി കടൽ ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09-09-2022: കർണാടകം തീരം അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബി കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻകൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.