കോഴിക്കോട്: രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആൾ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവവാണ് പിടിയിലായത്. ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ആണ് ഒടുവിൽ കുടുങ്ങിയത്. പക്ഷേ പിടിയിലായ വ്യക്തി സ്ഥലത്തെ പ്രധാന പയ്യനായത് കൊണ്ട് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
കുറച്ചു നാളായി കൊരങ്ങാട് പ്രദേശത്തെ വീടുകളിൽ രാത്രി സമയത്ത് ശല്യം തുടങ്ങിയിട്ട്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിലിൽ വലിഞ്ഞു കയറി കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. ഒന്നും രണ്ടും വീടുകളിലല്ല. ഒത്തിരി വീടുകളിൽ ഒളിഞ്ഞു നോട്ടക്കാരൻ എത്തിയതോടെ നാട്ടുകാർ സംഘടിച്ചു. ചർച്ചയായി അന്വേഷണമായി. രാത്രി നാട്ടിൽ ചിലർ കാവലിരിക്കാനും തീരുമാനിച്ചു.
ഏകോപനത്തിനായി വാട്സാപ്പ് ഗ്രൂപ്പും ഒരുക്കി. കാവലിരിക്കുന്ന പ്രദേശവും മറ്റു വിവരങ്ങളും വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ചു. ദിവസങ്ങളോളം കാവലിരുന്നെങ്കിലും അന്നൊന്നും ഒളിഞ്ഞുനോട്ടക്കാരൻ ആ വഴിയേ എത്തിയില്ല. മനം മടുത്ത നാട്ടുകാർ ഒടുവിൽ കാവലും തിരച്ചിലും നിർത്തി.
പിറകെ ഒളിഞ്ഞു നോട്ടക്കാരൻ വീണ്ടുമെത്തി. എന്നാൽ ഇക്കുറി ചിത്രം സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞദിവസം പ്രതി നാട്ടുകാരുടെ കൈയിൽ പെട്ടതോടെ ചിത്രം മാറി. നാട്ടുകാരുടെ കൂടെ പ്രദേശത്ത് തെരച്ചിലിന് നേത്രത്വം നൽകിയ അതേ യുവാവ്. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാൾ തന്നെ. ഗ്രൂപ്പുവഴി നാട്ടുകാരുടെ നീക്കം ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.
കാവലിരിക്കുന്ന സ്ഥലവും തിരച്ചിൽ നടക്കുന്ന സ്ഥലവും എല്ലാം മനസിലാക്കിയായിരുന്നു പ്രതിയുടെ നീക്കങ്ങൾ. പക്ഷെ ഒടുവിൽ കയറിയ വീട്ടിൽ സിസിടിവി ക്യാമറ വെച്ച വിവരം മാത്രം അറിഞ്ഞില്ല. ഇതോടെ കുടുങ്ങി. എന്നാൽ ഇപ്പോൾ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.