KeralaNews

മാപ്പ് പിൻവലിക്കില്ല; ജോസിനെതിരെ വാളെടുത്ത് ജോസിൻ: പാലായില്‍ പോര്‌

പാലാ: ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതിനെ സംബന്ധിച്ച് ജനങ്ങളോട് മാപ്പുപറഞ്ഞ സി.പി.എം. പ്രതിനിധി പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ കേരള കോൺഗ്രസ് എമ്മിനെതിരേ ആഞ്ഞടിച്ച് വീണ്ടും രംഗത്ത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

കേരള കോൺഗ്രസ് എം. പ്രതിനിധി ചെയർമാനായിരുന്നപ്പോൾ നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തതിനെതിരേയാണ് കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പുപറഞ്ഞത്. അത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു.

ജോസിൻ ബിനോയുടെ പരാമർശങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജോസിൻ ബിനോയുടെ പുതിയ പ്രതികരണം.

സി.പി.എം. എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലുംകരുതലും ഉള്ളിടത്തോളം കാലം ഇതുപോലുള്ള നപുംസകങ്ങളുടെ ഭീഷണിയെയും ജല്പനങ്ങളേയും പേടിയില്ല. പ്രസ്താവനകളിൽ ആവർത്തിച്ച് 17-ൽ 14 എന്ന് വീമ്പ് പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സി.പി.എമ്മിന്റെ ആറു കൗൺസിലർമാരും അനുസരിക്കുന്നത് നേതാവിന്റെ വീട്ടിൽനിന്നുവരുന്ന നിർദേശങ്ങളല്ല. പാർട്ടി നിർദേശിക്കുന്നതാണ് പ്രവർത്തനശൈലി.

പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു സി.പി.എം കൗൺസിലർ അധ്യക്ഷയായതിൽ പലർക്കും അസഹിഷ്ണുതയുണ്ടാകാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുതയുണ്ടാകാം. എന്നാൽ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി യാഥാർത്ഥ്യം അഗീകരിച്ച് പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നും ജോസിൻ ബിനോ പറഞ്ഞു.

നഗരസഭ നിവാസികൾക്ക് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതിൽ അധ്യക്ഷ തടസ്സംനിൽക്കുന്നുവെന്ന രീതിയിലുള്ള പ്രസ്താവന നുണപ്രചാരണമാണ്. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം.

സ്വന്തം പാർട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയോടുമാണ് കേരള കോൺഗ്രസ് കൗൺസിലർമാർ ആദ്യം പരാതിപ്പെടേണ്ടതെന്നും ജോസിൻ ബിനോ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ജയിച്ചാണ് നഗരസഭാധ്യക്ഷയാകുവാനുള്ള യോഗ്യതയായ കൗൺസിലറായതെന്ന് ജോസിൻ ബിനോ മറുപടിനൽകുന്നു. ജോസ് കെ. മാണിയുടെ കുടുംബത്തിനെതിരേയും ഒളിയമ്പെയ്തു. മറ്റു ജില്ലകളിൽനിന്നോ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽനിന്നോ പാലായിൽ കുടിയേറിയതല്ല താൻ .സ്ത്രീത്വത്തിനെതിരേയും വ്യക്തിപരമായും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് ചിലർ സംസാരിച്ചത്. അവരുടെ നേതാവ് ജോസ് കെ. മാണിയുടെ അറിവോടെയുള്ള പ്രസ്താവനയാണോ ഇതെന്ന് അറിയേണ്ടതുണ്ട്. അല്ലെങ്കിൽ അവരെ നിയന്ത്രിക്കുമെന്ന് കരുതുന്നു.

ആരോപണങ്ങൾക്ക് മൗനം പാലിച്ചത് ബലഹീനത കൊണ്ടല്ല. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ്. ഒന്നാം ക്ലാസുകാരിയെ ബിരുദക്ലാസിൽ ഇരുത്തിയത്. അവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്.കേരളകോൺഗ്രസ് (എം) പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button