തിരുവനന്തപുരം:കോവിഡ് പോസിറ്റീവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വരുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡൽറ്റ വകഭേദത്തിൽ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോൾ അത് ഉണ്ടാകുന്നില്ല.
പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തിൽ സ്വയം എത്തരുത്. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരിൽ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നതെന്നും അവർ കൂട്ടിച്ചേർച്ചു.
സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. തികച്ചും അടിസ്ഥാനരഹിതമാണിത്. മോണോക്ലോണൽ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത് നൽകുന്നത്. ഏത് ഘട്ടത്തിലാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കൽ ബോർഡ് ചേർന്നാണ്. വിലകൂടുതൽ ആയതിനാൽ തന്നെ വലിയ തോതിൽ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.