കോടീശ്വരന്‍ കാണാമറയത്ത്; സിസിടിവിവരെ പരിശോധിച്ചു, 25 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്താനായില്ല

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ കണ്ടെത്താനായില്ലെന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷ് പറഞ്ഞു.

കുമ്പളം സ്വദേശിക്കാണ് സമ്മാനമടിച്ചതെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ നേരിട്ടെത്തി ലോട്ടറി അടിച്ചിട്ടില്ലെന്ന് അറിയിച്ചു. ഇതുവരെ ആരും ലോട്ടറിയുമായി എത്തിയിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒന്നാംസമ്മാനം കിട്ടിയ ടിക്കറ്റ് എടുത്തയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ലതീഷ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഈവര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുത്തത്. പാലക്കാട് വിറ്റ TH 577825 എന്ന ടിക്കറ്റിനായിരുന്നു 25 കോടി രൂപയുടെ ഒന്നാംസമ്മാനം. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് പാലക്കാടുനിന്ന് വാങ്ങിയത്. തുടര്‍ന്ന് ഭഗവതി ഏജന്‍സിയുടെ വൈറ്റിലയിലെ ശാഖയില്‍നിന്ന് നെട്ടൂരിലെ ലോട്ടറി ഏജന്റായ ലതീഷ് വില്‍പ്പന നടത്താനായി ടിക്കറ്റ് വാങ്ങി.

ലതീഷില്‍നിന്ന് ടിക്കറ്റെടുത്ത ഒരാളാണ് ഭാഗ്യശാലി. പക്ഷേ, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സമ്മാനം ലഭിച്ചയാള്‍ ഇത് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ആ ഭാഗ്യശാലിയുടെ വിവരങ്ങള്‍ രഹസ്യമായി തന്നെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News