കൊച്ചി: മൂക്കുമൂടി തലയിൽ തുണികൊണ്ടുള്ള ഒരു കെട്ട്. വെളുത്ത സാരി. തല സാരിയാൽ മറച്ചിരിക്കുന്നു. ഈ സ്ത്രീരൂപത്തെ പെട്ടെന്നു കണ്ടാൽ ആരും ഒന്നു ഭയക്കും. അർധരാത്രിയിൽ വിജനമായ സ്ഥലത്ത് ഒറ്റയ്ക്കു കണ്ടാലോ? ഒരുപാടുപേർ അങ്ങനെ പേടിച്ചു. പലരും പല സ്ഥലത്തും ഇങ്ങനെ ഒരു രൂപം കാണാൻ തുടങ്ങി. പിന്നെ ആ രൂപം കാറോടിച്ചു പോകുന്നതും പലയിടത്തും കണ്ടു. ചിലപ്പോൾ ബസിൽ പോകുന്നു.
നിരന്തരം സഞ്ചാരം. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ഇറങ്ങി നിൽക്കും. ജനങ്ങൾക്ക് ആശങ്കയായി. സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ വിഡിയോയും അവരെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളും ഏതാനും ദിവസങ്ങളായി പരന്നു. അതിനിടെ കഴിഞ്ഞ ദിവസം മലയാറ്റൂർ അടിവാരത്ത് ഈ സ്ത്രീ കാറോടിച്ചു വരുന്നതു കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തടഞ്ഞു. അവർ നാട്ടുകാരോടു കയർത്തു. താൻ ആർക്കും ശല്യം ചെയ്യുന്നില്ലെന്നും പിന്നെ നിങ്ങൾക്കെന്താണ് കുഴപ്പം എന്നുമായിരുന്നു അവരുടെ വാദം.
ഒരു വർഷത്തോളമായി മൂക്കത്തു തുണി കെട്ടിയിരിക്കുന്നുവെന്നും ഇത്രയും നാളും ആരും പേടിച്ചില്ലെന്നും അവർ വാദിച്ചു. ഇതിനിടെ ക്ഷുഭിതനായ ഒരു നാട്ടുകാരൻ അവരുടെ കാറിന്റെ മുൻ ചില്ല് ഇടിച്ചു തകർത്തു. നാട്ടുകാർ അറിയിച്ചത് പ്രകാരം പൊലീസ് എത്തിയപ്പോൾ അവർ പൊലീസുമായും തർക്കിച്ചു. പിന്നീട് അവരെ അവരുടെ കാറിൽ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അകമ്പടിയായി ഇരുപതോളം ബൈക്കുകളിൽ നാട്ടുകാരും പിറകെ പോയി.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥയാണ് ഇവരെന്നു പൊലീസിന് അന്വേഷണത്തിൽ മനസ്സിലായി. മകനും കുടുംബവും എറണാകുളത്ത് താമസിക്കുന്നു. വീട്ടിൽ ഒറ്റയ്ക്കാണ്. ചില മാനസിക അസ്വസ്ഥതകൾ കാരണം നിരന്തരം സഞ്ചരിക്കുന്നുവെന്നും വേറെ കുഴപ്പങ്ങൾ ഇല്ലെന്നും പ്രശ്നക്കാരിയല്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ നാട്ടുകാരുടെ ഭയാശങ്കകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.