തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തായ കത്ത് സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും പരാതിക്കാരന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണു പരാതി നൽകിയത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.
കത്ത് താൻ എഴുതിയിട്ടില്ലെന്നു മേയറും കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂരും മൊഴി നൽകി. കത്ത് അയച്ച ദിവസം താൻ സ്ഥലത്തില്ലായിരുന്നെന്നു മേയർ വിജിലൻസ് സംഘത്തെ അറിയിച്ചു. കത്ത് വ്യാജമായി തയാറാക്കിയതാണോ എന്ന് അറിയില്ല. കത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുള്ളതായി സംശയമില്ല. താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു പത്രങ്ങൾക്കു വാർത്ത നൽകിയിരുന്നു. അതിൽ ഒഴിവുകളുടെ വിവരം ഉണ്ടായിരുന്നു.
പുറത്തുവന്ന കത്തിലും ഇതേ കാര്യങ്ങളാണ് ഉള്ളതെന്നും മേയർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മേയർ എഴുതിയതായി പറയപ്പെടുന്ന കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നും ആനാവൂർ അന്വേഷണ സംഘത്തെ അറിയിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും ആരും അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും ആനാവൂർ പറഞ്ഞു.