തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു. ഏതെങ്കിലും ഡിറ്റിപി സെന്‍ററില്‍ പോയാല്‍ ആരുടെ ലെറ്റര്‍പാഡും ഉണ്ടാക്കാമെന്നും മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നുമായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.
ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഔദ്യോഗിക ലെറ്റര്‍പാഡിൽ നിന്നുള്ള കത്ത്. കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത്.
മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് മെഡിക്കൽ കോളേജ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തയച്ച ഒന്നാം തിയതി “എവിടെ എന്‍റെ തൊഴിൽ” എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്‍റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നു എന്നും കത്തിനെ കുറിച്ച് അറിയില്ലെന്നുമാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വിശദീകരണം.
കത്തിന്‍റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലയ്ക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കും. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.