ഗുജറാത്തിൽ കോൺഗ്രസ് ജയിക്കുക അഞ്ചിൽ താഴെ സീറ്റുകളിൽ മാത്രം,വെള്ളപ്പേപ്പറില്‍ എഴുതി നല്‍കി കെജ്‌രിവാൾ

അഹമ്മദാബാദ്: ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ആരാണ് കോണ്‍ഗ്രസിനെ ഗൗരവത്തിലെടുക്കുയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്തിലെ ജനങ്ങള്‍ക്ക് മാറ്റമാണ് ആവശ്യം. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇടം ലഭിക്കില്ലായിരുന്നു. മുപ്പത് ശതമാനത്തോളമാണ് ഞങ്ങളുടെ വോട്ട് വിഹിതം. പഞ്ചാബില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ഗുജറാത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് അഞ്ചില്‍ താഴെ സീറ്റുകളില്‍ മാത്രമേ ജയിക്കൂ. ഞങ്ങളാണ് രണ്ടാമത്’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബ് നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലംപരിശാക്കി നേടിയ ഉജ്ജ്വലവിജയം ഗുജറാത്തിലും ആവര്‍ത്തിക്കുകയെന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. എ.എ.പിയുടെ കടന്നുവരവ് ഗുജറാത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ എത്രത്തോളം മാറ്റിമറിക്കുമെന്നാണ് ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ 182 സീറ്റിലും മത്സരിക്കുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പേ പ്രചാരണങ്ങള്‍ക്കും തുടക്കം കുറിച്ചു.

പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാള്‍ മിക്ക ആഴ്ചകളിലും വാഗ്ദാനങ്ങളുമായി ഗുജറാത്തില്‍ വിമാനമിറങ്ങുകയും പ്രചാരണസമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡല്‍ഹിയിലെ മന്ത്രിമാരും ഇതിനകം ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി പാര്‍ട്ടി 108 സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News