KeralaNews

വട്ടവടയില്‍ ഭൂമി വിണ്ടു താണു; മൂന്നാറില്‍ കനത്ത മഴ; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌,സംസ്ഥാനത്ത് മഴ കുറയുന്നു

തൊടുപുഴ: മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകൻ അയ്യപ്പന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മറ്റ് മേഖലകളിൽ മഴയില്ല. ഇവിടങ്ങളിൽ ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു.

അതേസമയം, ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാർ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 134.85 അടിയിലെത്തി നിൽക്കുകയാണ്. 137 അടിയിൽ ജലനിരപ്പ് എത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നൽകും.

മൂവാറ്റുപുഴ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം. ആശങ്ക സൃഷ്ടിച്ച് ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. ഗര്‍ത്തം രൂപപ്പെട്ട ഭാഗം കൂടുതല്‍ പൊളിച്ച് പരിശോധന നടത്തി.

കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസേന ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് ഗര്‍ത്തം എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു.ഗര്‍ത്തം അനുനിമിഷം വലുതാകുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധനയാണു നടത്തുന്നത്. മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാംപ് കൂടി തുറന്നു.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. മഴ കുറിയുന്ന സാഹചര്യത്തിലാണ് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചത്. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോടി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ചില ജില്ലകളിൽ യെലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button