കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് നടൻ ഉണ്ണിമുകുന്ദൻ. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണണെന്നും നടൻ ആഹ്വാനം ചെയ്തു.
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചത്. ചിത്രയുടെ വീഡയോ വലിയ വിവാദമായിരുന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
അതേസയമയം നാല് മണിക്കൂർ നീണ്ട ആചാരാനുഷ്ടാനത്തിന് ശേഷം അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. വ്യാഴാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചത്. പ്രാൺ പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് വിഗ്രഹം സ്ഥാപിച്ചത്. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ മേൽനോട്ടത്തിലാണ് വിഗ്രഹം തെരഞ്ഞെടുത്തത്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുക.
അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ച് ബിജെപിയെയും സംഘ പരിവാറിനെയും രൂക്ഷമായി വിമർശിച്ച് ജോഷിമഠം ശങ്കരാചര്യർ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ബിജെപി വീണ്ടും വിഭജിക്കുകയാണെന്നും പ്രതിഷ്ഠ ചടങ്ങിനെ ആർഎസ്എസും ബിജെപിയും ചേർന്ന് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. അതെ സമയം എൻസിപി അധ്യക്ഷൻ ശരദ് പവാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ക്ഷേത്രപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി കത്തയച്ചു.
അയോധ്യക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് പോകില്ലെന്ന നിലപാട് ജോഷി മഠം ശങ്കരാചാര്യർ ദിവസങ്ങൾക്കു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് ഉറപ്പിക്കുന്ന പ്രതികരണമാണ് അദ്ദേഹം വീണ്ടും നടത്തിയത്. പ്രതിഷ്ഠയെ രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപിയും ആർഎസ്എസ് ശ്രമിക്കുകയാണ്. ഇപ്പോഴുള്ളത് ഐക്യ ഇന്ത്യ അല്ലെന്നും വിഭജിച്ച ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാർക്ക് അവരുടെ പരിമിതികളുണ്ട്, അവർക്ക് ഭരണഘടനയ്ക്ക് കീഴിൽ ഉത്തരവാദിത്തമുണ്ട്. മതപരവും ആത്മീയവുമായ മേഖലകളിൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്, ഈ നിയമങ്ങൾ പാലിക്കണം. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ശെരിയായ നിലപാട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോഷി മഠം കൂടാതെ പുരി, ദ്വാരക, ശൃംഗേരി ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങിൽ പോകില്ലെന്ന നിലപാടിൽ തുടരുകയാണ്. എന്നാൽ അയോധ്യക്ഷേത്രത്തിൽ എന്നെങ്കിലും ഒരിക്കൽ താൻ ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം എൻസിപി അധ്യക്ഷൻ ശരത് പവാറും, ആർജെഡി നേതാവ് ലാലു പ്രസാദ് നിരസിച്ചു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ക്ഷേത്രം പണി പൂർത്തിയാക്കിയതിന് ശേഷം മാത്രം അയോധ്യയിൽ ക്ഷേത്രദർശനം നടത്തുവെന്ന് ശരദ് പവാർ വ്യക്തമാക്കി.