30 C
Kottayam
Friday, May 17, 2024

‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല; തിരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് താമരശ്ശേരി രൂപത

Must read

കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോൾ എത്തിയിരിക്കുന്നത്.

താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെസിവൈഎമ്മിന് നൽകിയെന്നാണ് വിവരം. ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്സിക്യൂട്ടീവ് കമ്മറ്റി യോ​ഗം ചേരുന്നുണ്ട്. ചിത്രം എന്ന് പ്രദർശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം യോ​ഗത്തിൽ ഉണ്ടാകുമെന്നാണ് ഭാ​രവാഹികൾ അറിയിക്കുന്നത്.

കുട്ടികൾക്കുള്ള ബോധവത്കരണത്തന്റെ ഭാ​ഗമായാണ് സിനിമ പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു കെ.സി.വൈ.എം ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. സെൻസർ ബോർഡിന്റെ അനുമതിയുള്ള ഒരു ചിത്രം പ്രദർശിപ്പിക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു കെ.സി.വൈ.എമ്മിന്റെ വാദം. എന്നാൽ ഭരണ, പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് വലിയ പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു.

നേരത്തെ ഇടുക്കി രൂപതയും തലശ്ശേരി രൂപതയ്ക്ക് കീഴിലെ ചില യൂനിറ്റുകളിലും കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സൺഡേ സ്കൂളുകളിലായിരുന്നു ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. കുട്ടികൾക്കായുള്ള ഊർജിത പരിശീലനപദ്ധതിയുടെ ഭാഗമായായിരുന്നു പ്രദർശനം എന്നായിരുന്നു വിശദീകരണം.

ഏപ്രിൽ രണ്ടുമുതൽ നാലുവരെയാണ് രൂപതയുടെ കീഴിലെ 105 സൺഡേ സ്കൂളുകളിൽ കോഴ്സ് സംഘടിപ്പിച്ചത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ ദൂരദർശനിലും ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week