ഇടുക്കി: തൊടുപുഴയിൽ മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തു. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നാളെ നേരിട്ട് ഹാജരാകണമെന്നാണ് കരാറുകാരന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.
കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്‍റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരന്‍ കയര്‍ കെട്ടിയത്. വഴി തടസപെടുത്തുമ്പോള്‍ വെക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍ സ്കൂട്ടറില്‍ യാത്രചെയ്ത് ജോണി അതില്‍ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടി ആശുപത്രിയിലെത്തിച്ചു. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡുപണിയുടെ മേല്‍നോട്ടത്തിന് ഇവരെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
തൃശൂർ അയ്യന്തോളിൽ കൊടിത്തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്കേറ്റു. കേച്ചേരി സ്വദേശിയായ കുക്കു ദേവകിക്കാണ് പരിക്കേറ്റത്. കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടിത്തേരണമാണ് കഴുത്തിൽ കുരുങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ തോരണങ്ങള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി.
പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് തടസ്സമായി കൊടിതോരണങ്ങള്‍ തൂക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു നിയമ ലംഘനം. കഴിഞ്ഞ വെള്ളിയാഴ്ച കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം അവസാനിച്ചിരുന്നു. എന്നിട്ടും കൊടി തോരണങ്ങള്‍ നീക്കിയിരുന്നില്ല. സ്കൂട്ടറില്‍ പോവുകയായിരുന്ന അഡ്വ കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയര്‍ മുറുകി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രിത വേഗതയിലായതിനാൽ കുക്കു വീണില്ല.
തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു, ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി. തോരണം നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. എങ്കിലും ഹൈക്കോടതി നിര്‍ദ്ദേശം അവഗണിച്ച് തോരണം തൂക്കിയതിന് കേസെടുത്തിട്ടില്ല. തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് തടസ്സമായി നഗരത്തില്‍ കമാനങ്ങളും നിരന്നിട്ടുണ്ട്.