KeralaNews

‘സ്ത്രീധനം കുറഞ്ഞുപോയി’ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയിൽ ആയത്. ഇതേ കേസിൽ രണ്ടാം തവണയാണ് ദിലീപിനെ പൊലീസ് പിടികൂടുന്നത്.

ഇതിന് മുന്നേ ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി മധ്യസ്ഥ ചര്‍ച്ചകൾക്കൊടുവിൽ ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും മർദനമുണ്ടായത്.

സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു അക്രമം. തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഭാര്യയുടെ പരാതി. ദിലീപ് മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. മർദ്ദനം സഹിക്കാതെ വന്നതോടെയാണ് യുവതി മലയിൻകീഴ് പോലീസിൽ പരാതി നല്‍കുന്നത്. ദിലീപിനെതിരെ വധശ്രമത്തിന് വീണ്ടും കേസെടുത്തു.

രണ്ടുവര്‍ഷം മുമ്പുള്ള കേസിൽ ജോലിക്ക് പോകുന്നതിന്‍റെ പേരിലായിരുന്നു മര്‍ദനം. മുഖമാകെ ചോരയിലൊപ്പിച്ച് നില്‍ക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ദിലീപ് തന്നെയാണ് അന്ന് പ്രചരിപ്പിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ടാംദിനം അന്വേഷണസംഘം പിടികൂടുകയായിരുന്നു. കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button