കൊച്ചി:തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. നാളെ കേസിന്റെ വിചാരണ നടക്കാനിരിക്കേയാണ് കോടതി നടപടി.
നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത കുറ്റപത്രമായതിനാല്‍ ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു ഹൈക്കോടിയെ സമീപിച്ചത്.കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പോലീസിന് അവകാശമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ കേസില്‍ വിചാരണ കോടതിയായ നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി നിലനില്‍ക്കുമോയെന്ന നിയമപ്രശ്നത്തില്‍ വിശദമായ വാദം കേള്‍ക്കാനായിരുന്നു ഇത്. ഇതിനിടെയായിരുന്നു പുതിയ ഹര്‍ജിയുമായി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളയാണ് ഹൈക്കോടതിയെ സമീപിച്ചത്.1994 ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയാണ് അറസ്റ്റിലായത്. കേസില്‍ ആന്റണി രാജു വക്കാലത്ത് ഏറ്റെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. കീഴക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുകയും പ്രതിയെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.
തൊണ്ടി മുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതി വെറുതേ വിട്ടത്. എന്നാല്‍ തൊണ്ടി മുതലില്‍ കൃത്രിമം നടന്നുവെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.
2014 ഏപ്രില്‍ 30 നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആന്റണി രാജു ഹാജരാകാതിരുന്നതിനാല്‍ പലപ്പോഴും കേസ് മാറ്റിവെയ്ക്കുകയായിരുന്നു. 22 തവണയായിരുന്നു ഇത്തരത്തില്‍ കേസ് മാറ്റി വെച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ പ്രോസിക്യൂഷന് മുന്‍പില്‍ നിരവധി വെല്ലുവിളികളാണ് ഉള്ളത്. കേസില്‍ 29 സാക്ഷികളാണ് ഉള്ളത്. ഇവരെല്ലാവരും തന്നെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് സാക്ഷികള്‍ മരിച്ച് പോയിരുന്നു.