പ്രവീൺ റാണയെ നായകനാക്കി സിനിമ; സംവിധായകനായ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തൃശൂർ ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രവീൺ റാണയെ നായകനാക്കി സിനിമ ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ. തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ സാന്റോ തട്ടിലിനാണ് സസ്പെൻഷൻ.

തൃശൂർ റേഞ്ച് ഡിഐജിയാണ് സാന്റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പ്രവീൺ റാണയെ നായകനാക്കി ‘ചോരൻ’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോയാണ്. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി.

പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് തൃശൂര്‍ സിറ്റി പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും റാണയെ നായകനാക്കി പൊലീസുകാരൻ സിനിമ സംവിധാനം ചെയ്തത് വാർത്താ പ്രാധാന്യം നേടിയിരുന്നു.

‘ചോരൻ’ എന്ന സിനിമ പുറത്തിറങ്ങിയോടെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്ന് സാന്റോയെ വലപ്പാട്ടേക്കു സ്ഥലം മാറ്റിയിരുന്നു. സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു ഈ സ്ഥലം മാറ്റം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News