കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനിക്കാൻ ഇരിക്കെവെയാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. പിന്നീട് കേസിന്റെ ഗതി തന്നെ മാറിമറിയുകയിരുന്നു
നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്തിമവിധി ന്യായത്തിന്റെ ഭാഗത്ത് നിന്നുള്ളതായിരിക്കുമെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. തനിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട് എന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
എനിക്കെതിരെ ഒരു ആരോപണം വന്നു. സ്വാഭാവികമായിട്ടും എനിക്കെതിരെ ആരോപണം വരുമ്പോള്‍ നിയമപരമായി സംരക്ഷണം എനിക്ക് ഒരുക്കേണ്ട കാര്യമുണ്ട്. നിയമപരമായി ഞാന്‍ അതിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറയുന്നത് വ്യാജമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അത് വെറുതെ പറയുന്നതാണ്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ മാത്രമാണ് അത് പറയുന്നത്.
ഞാനൊരു സാധാരണ പൗരനാണ്. നിയമത്തിന് വിധേയനായി, നിയമത്തിന് അതീതനായിട്ടൊന്നും പ്രവര്‍ത്തിച്ചിട്ടൊന്നുമില്ല. നിയമത്തിന് വിധേയനായി പോകാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നെ നോട്ടീസ് നല്‍കി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിളിക്കുകയും ഞാന്‍ അവരുടെ അന്വേഷണ സ്ഥലത്തേക്ക് പോകുകയും ചെയ്തു. അന്വേഷണ സ്ഥലത്തേക്ക് പോകുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥര്‍ എനിക്ക് നോട്ടീസ് നല്‍കിയ ശേഷം മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും എന്നെ തിരികെ വിടുകയും ചെയ്തു. അപ്പോള്‍ സ്വാഭാവികമായും എനിക്ക് ഒരു ആത്മവിശ്വാസമുണ്ടായി. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏത് സമയം ആവശ്യപ്പെട്ടാലും ഞാന്‍ ചെന്നോളാം എന്ന് പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. അല്ലാതെ ഞാന്‍ ജാമ്യത്തിന് ശ്രമിക്കാതിരിക്കുകയോ നിയമത്തെ വെല്ലുവിളിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായിട്ട് സഹകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് മൂന്ന് തവണ എനിക്ക് നോട്ടീസ് തരികയും മൂന്ന് തവണ അവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഞാന്‍ അവരുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്.
എന്റെ കൈയിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്റെ ഭാര്യയുടെ മൊഴിയെടുത്തിട്ടുണ്ട്. അപ്പോള്‍ അങ്ങനെ അന്വേഷണം നടക്കുകയാണ്. ഏത് സമയത്തും അവര്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുന്നത് കൊണ്ടായിരിക്കാം എന്നെ അറസ്റ്റ് ചെയ്യാത്തത്. സാധാരണ ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഒന്നുകില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമ്പോളും അന്വേഷണവുമായി സഹകരിക്കാതിരിക്കുമ്പോഴും നാട് വിട്ട് പോകാന്‍ സാധ്യതയുള്ളപ്പോഴും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോഴുമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
ഞാന്‍ അത്തരത്തിലൊരു കാര്യവും ചെയ്യേണ്ട കാര്യമില്ല. കാരണം 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കാര്യം നടന്നു എന്ന് പറഞ്ഞ് വ്യാജ പരാതി കൊടുത്തിട്ടുള്ളത്. ഞാന്‍ എനിക്ക് തെൡവ് നശിപ്പിക്കേണ്ട കാര്യമില്ല. പതിനൊന്നര വര്‍ഷം മുന്‍പുള്ള എന്ത് തെളിവാണ് എനിക്ക് നശിപ്പിക്കാനുള്ളത്. അതിന്റെ ആവശ്യമില്ല. ഭാര്യയും മക്കളുമടക്കം ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. അന്വേഷണം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.
ഞാനൊരു ശരാശരി മലയാളിയാണ്. ഈ കേസുകളൊക്കെ കാണുമ്പോള്‍ മാധ്യമങ്ങളിലൂടെയൊക്കെയും പലരും പറഞ്ഞും അറിഞ്ഞും ജീവിച്ച് വന്ന ഒരാളാണ്. ഇപ്പോള്‍ ഈ കേസിന്റെ ഭാഗമായിട്ട് വന്നിരിക്കുകയാണ്. ഒരു കേസിന്റെയും അന്തിമവിധി നമുക്ക് പറയാനാകില്ല. കാരണം കേസ് നമ്മള്‍ വിചാരിക്കുന്ന പോലെ അല്ലല്ലോ കോടതി പരിഗണിക്കുന്നത്. പക്ഷെ എന്ത് തന്നെയാണെങ്കിലും ശരി.
അതിപ്പോള്‍ ദിലീപ് ആകട്ടെ മറ്റാരെങ്കിലുമാകട്ടെ ഞാന്‍ ഒരിക്കലും ദിലീപിനെ ശിക്ഷിക്കണം എന്നൊന്നും പറഞ്ഞ് വന്ന ആളല്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയോട് ഒരു പരാതിയായിട്ട് പറയുന്നു. ആ പരാതി പൊലീസ് പരിഗണിക്കുന്നു. അതില്‍ തുടരന്വേഷണം സ്റ്റാര്‍ട്ട് ചെയ്തു. ഞാന്‍ അതുമായിട്ട് സഹകരിച്ച് മുന്നോട്ട് പോകുന്നു. ദിലീപിനെ ശിക്ഷിക്കണം എന്നൊന്നുമല്ല. എനിക്ക് പ്രൊട്ടക്ഷന്‍ വേണം എന്ന് പറഞ്ഞ് പരാതി കൊടുത്ത ഒരാളാണ് ഞാന്‍.
ദിലീപില്‍ നിന്ന്, ദിലീപിന്റെ സംഘത്തില്‍ നിന്ന്. കേസന്വേഷണം നന്നായി മുന്നോട്ട് പോകുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ഒരുപാട് പേരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നു. ഒരുപാട് തെളിവുകള്‍ മീഡിയകള്‍ പറഞ്ഞിട്ടുള്ളതാണ്, ഞാന്‍ അത് ഓര്‍മപ്പെടുത്തുന്നു എന്ന് മാത്രം. ദിലീപിന്റെയും സംഘത്തിന്റേയും ഫോണുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിസല്‍ട്ട് എന്ന് പറയുന്നത് രണ്ട് ലക്ഷം പേജുകള്‍ എന്നാണ് പറയുന്നത്.
രണ്ട് ലക്ഷം പേജുകളുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട്. അപ്പോള്‍ സ്വാഭാവികമായിട്ടും അത്രയും പഠിക്കാനുള്ള സമയം വേണ്ടി വരും. രണ്ട് ലക്ഷം പേജുകള്‍ എന്ന് പറയുന്നത് മൊത്തം ദിലീപിനെതിരേയുള്ള തെളിവ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതില്‍ നിന്ന് ഈ കേസുമായി ബന്ധപ്പെട്ട സംഗതികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പൊലീസുകാര്‍ക്ക് സമയം വേണ്ടിവരും. 13000 ത്തിലധികമുള്ള ഓഡിയോ ക്ലിപ്പുകള്‍, തത്തുല്യമായ വീഡിയോ ക്ലിപ്പുകള്‍ ഇതൊക്കെ പരിശോധിക്കുന്നതിലേക്ക് വേണ്ടി 11 ഉദ്യോഗസ്ഥരടങ്ങുന്ന നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവും വധ ഗൂഡാലോചന കേസിലെ തത്തുല്യമായ രീതിയിലെ അംഗസഖ്യയുള്ള മറ്റ് പൊലീസുദ്യോഗസ്ഥരും രാപകലില്ലാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.
അവര്‍ക്കൊന്നും ദിലീപിനോട് വൈരാഗ്യമില്ല. ദിലീപിന് വ്യക്തിവൈരാഗ്യം അവര്‍ക്കോ എനിക്കോ തോന്നേണ്ട കാര്യമില്ല. ഒരുതരത്തിലും എനിക്ക് ദിലീപിനോട് ശത്രുതയുണ്ട് തെളിയിക്കാനാവില്ല. കാരണം ഞാന്‍ ശത്രുതാ മനോഭാവത്തോട് കൂടി പുറത്ത് വന്ന് കാര്യങ്ങള്‍ പറഞ്ഞ ആളല്ല. ഞാന്‍ പറഞ്ഞ വസ്തുതയില്‍ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോള്‍ കടല് പോലെ തെളിവുകളെ പരിശോധിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
ഒരുപാട് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായി ഈ കേസില്‍ ഒരുപാട് ഇടപെടലുകള്‍ വന്നിട്ടുണ്ട് എന്ന്. ഒരുപാട് കാര്യങ്ങള്‍ ദിലീപും സംഘവും ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്ത കാര്യങ്ങളായാലും ഓഡിയോ ക്ലിപ്പായാലും നമ്മള്‍ കേട്ടതാണ്. ആ കേട്ടതൊന്നും ഒന്നുമല്ല. ഇതിന്റെ 100 ഇരട്ടി തെളിവുകള്‍ പൊലീസിന്റെ അടുത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിധി പറയും. ഈ രണ്ട് കേസുകളിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന് 100 ശതമാനം വിശ്വലസിക്കുന്ന ആളാണ് ഞാന്‍. ഈ കേസിന്റെ അന്തിമ വിധിയില്‍ ന്യായമായ ഒന്നായിരിക്കും.