30 C
Kottayam
Friday, May 17, 2024

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു:പാലക്കാട്ട് തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്‌

Must read

പാലക്കാട്: കല്ലേക്കാട്ട്‌ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ്‌ (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.

എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി അവസാനിച്ചതിനെത്തുടർന്ന് വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി ആനയുടെ മുന്നിൽ അകപ്പെടാതെ രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതാകാമെന്നാണ് നിഗമനം.

ആന റോഡിലൂടെ ഓടിയതും റോഡിലുണ്ടായിരുന്ന ആളുകൾ സമീപത്തെ മുൾ വേലിയിലേക്കും നിലത്തും വീഴുകയായിരുന്നു. പാപ്പാന്മാർ ഉൾപ്പെടെ ആനയുടെ വാലിൽ പിടിച്ചാണ് ആനയെ തളച്ചത്. സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ഉടൻതന്നെ ആനയെ ലോറിയിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

ആന ഇടഞ്ഞ അപകടത്തിൽ പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലേക്കാട് കുമാരൻ (43), ജിൻസി (25), ശെന്തിൽ (43), സജിന (39), സാജിത (14), അനുശ്രീ (13), സാദിക (14), അനിഹ (ആറ്), മുരുകൻ (44), രജിത (44) തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയത്. കൃഷ്ണകൃപ (20), കണ്ണൻ (49), മഹാലക്ഷ്മി (ആറ്), ജ്യോതി (32), കുമാരൻ (52) തുടങ്ങിയവരെ കല്ലേക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വനം വകുപ്പും, പോലീസും സ്ഥലത്തെത്തി.

ഉത്സവം കാവുകയറാൻ മിനുട്ടുകൾമാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. ആനയ്ക്കുമുന്നിലായി അമ്പലത്തോട് ചേർന്നാണ് കൂടുതൽ ആളുകളുണ്ടായിരുന്നത്. ആനയിടഞ്ഞ് പിന്നോട്ടുപോയതിനാലാണ് വലിയ അപകടമുണ്ടാകാതിരുന്നതെന്ന് പ്രദേശവാസിയായ നടരാജൻ പറഞ്ഞു. അപകടമുണ്ടായതിനുപിന്നാലെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഉടനെ മാറ്റാനായതും തുണയായി.ബാലസുബ്രഹ്മണ്യന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week