തിരുവനന്തപുരം: പുനലൂർ – ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം അടുത്തവർഷം പൂർത്തിയാകും. 2024 മാർച്ച് 31ന് മുൻപ് വൈദ്യുതീകരണം പൂർത്തിയാകുമെന്ന് എൻ കെ പ്രേമചന്ദൻ എം പി അറിയിച്ചു. പുനലൂരിൽ ചേർന്ന ദക്ഷിണ റെയിൽവേ മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുനലൂർ – ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം സംബന്ധിച്ച പുതിയ തീരുമാനം കൈക്കൊണ്ടത്.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. പുനലൂർ മുതൽ ഇടമൺവരെയും ഭഗവതിപുരം മുതൽ ചെങ്കോട്ടവരെയുമുള്ള വൈദ്യുതീകരണം പൂർത്തിയാക്കി. ഇടമൺ മുതൽ ഭഗവതിപുരം വരെയുള്ള റെയിൽവേ പാതയുടെ വൈദ്യൂതികരണമാണ് ഇനി പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ഇടമൺ – ഭഗവതിപുരം പാതയിലെ 34 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തികാനുള്ളത്.
അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും റെയിൽവേയുടെ അനുമതിയായി. ഒന്നാം ഘട്ടത്തിൽ 5.43 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. പാർക്കിങ്, പൂന്തോട്ടം, നടപ്പാത, ലാൻഡ് സ്കേപിങ് എന്നിവ സജ്ജമാക്കി റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരിക്കും.
നിലവിലെ പാർക്കിങ് ഏരിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സർക്കിലേറ്റിങ് ഏരിയ നിർമിക്കാനാണ് തീരുമാനം. ഇവിടെ 200 വാഹനങ്ങൾക്കെങ്കിലും ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാകും സൗകര്യങ്ങൾ ഒരുക്കുക. 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാകും പാർക്കിങ് ഏരിയ പൂർത്തിയാക്കുക.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ മുഴുവനായി മേൽക്കൂര നിർമിക്കുന്നതിനൊപ്പം സ്റ്റേഷനിലെ ലൈറ്റുകൾ, ഫാനുകൾ എന്നിവ സജ്ജമാക്കും. ശുചിമുറി, വിശ്രമകേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിൽ രണ്ട് ലിഫ്റ്റുകൾ കൂടി സ്ഥാപിച്ചാകും സ്റ്റേഷൻ നവീകരണം നടത്തുക.
റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സ്റ്റേഷൻ നവീകരണത്തിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിൽ നിലവിലെ സ്റ്റേഷൻ പൊളിച്ച് ആധൂനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഷൻ നിർമിക്കാനാണ് ആലോചന. മൂന്നാമതായി ഒരു ഫ്ലാറ്റ് ഫോം, രണ്ട് പ്രവേശന കവാടടങ്ങൾ എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.