തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്.
സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിൽ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂര്‍ കവലയിലേക്ക് സംയുക്ത പ്രതിഷേധമാർച്ച് നടക്കും
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ ഡോക്ടർമാരുടെ പ്രതിഷേധം കൊൽക്കത്തക്ക് പുറത്തേക്ക് കടന്നുകൊണ്ടാണ് ഇന്ന് രാജ്യവ്യാപക സമരം ആരംഭിച്ചിരിക്കുന്നത്. ബംഗാൾ സർക്കാരിന് പുറമേ കേന്ദ്രസർക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇന്ന് ചേരുന്ന ഡോക്ടർസ് സംഘടനകളുടെ ജനറൽ ബോഡി യോഗത്തിൽ സമരം കടുപ്പിക്കാനുള്ള നടപടികൾ തീരുമാനിക്കും.
ഡല്‍ഹിയില്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിലാണ് തലസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചത് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച ദില്ലിയിൽ ആരംഭിച്ച സമരത്തിൽ നൂറു കണക്കിന് ഡോക്ടർമാരാണ് അണിനിരന്നത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളത്തിലും തമിഴിലുമടക്കം പ്ലക്കാർഡുകളുണ്ടായിരുന്നു .
കൊൽക്കത്ത സംഭവവും സെൻട്രൽ പ്രൊട്ടക്ഷൻ ആക്ടുമടക്കം ഉന്നയിച്ച വിഷയങ്ങളിൽ രേഖാമൂലം മറുപടി കിട്ടാതായതോടെ സമരം എട്ട് മണിക്കൂറോളം നീണ്ടു. രാത്രിയേറെ വൈകി നടന്ന മൂന്നാം ചർച്ചയിൽ അധികൃതർ അയഞ്ഞതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് നടക്കുന്ന ഡോക്ടർ സംഘടനകളുടെ ജനറൽ ബോഡി യോഗത്തിന് ശേഷം സമരം കടുപ്പിക്കാനാണ് നിലവിലെ തീരുമാനം.
നിർഭയക്കേസിന് ശേഷം വന്ന നിയമങ്ങൾ ദുർബമാകുന്നെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ ഉയർത്തിയിരുന്നു. സമീപകാലത്തായി രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യവും ഡോക്ടർമാരെ തെരുവിലിറക്കി.