ക്ലോസറ്റില്‍ വീണ ഡയമണ്ട് മോതിരം 21 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി
ന്യൂയോര്‍ക്ക്:വിവാഹ ദിവസം ദമ്പതികള്‍ പരസ്പരം കൈമാറുന്ന മോതിരം എല്ലാവരെയും സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടതാണ്. ഏറെ വൈകാരികമായ ഒരു അടുപ്പം അതിനോട് ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കുണ്ടാവും. അത്തരത്തില്‍ സൂക്ഷിക്കുന്ന ഒരു മോതിരം പെട്ടെന്നൊരു ദിവസം നഷ്ടപ്പെട്ടു പോയാല്‍ എന്തായിരിക്കും അവസ്ഥ. അതും ഒട്ടും പ്രതീക്ഷിക്കാതെ ക്ലോസറ്റില്‍ വീണുപോവുന്നത്. തീര്‍ത്താല്‍ തീരാത്ത നഷ്ടബോധം തോന്നാന്‍ വേറെ ഒന്നും വേണ്ട അല്ലേ. അത്തരത്തില്‍ ഒരു ദുരനുഭവം 21 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടായി.
അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശികളായ നിക്ക് ഡേയും അദ്ദേഹത്തിന്റെ ഭാര്യ ഷായ്‌നയും ആണ് ആ ദമ്പതികള്‍. വിവാഹദിനത്തില്‍ നിക്ക് ഷായ്‌നയുടെ വിരലില്‍ അണിയിച്ചത് ഒരു ഡയമണ്ട് മോതിരം ആയിരുന്നു. ഏറെ പ്രിയപ്പെട്ടതായിരുന്നു ഷായ്‌നയ്ക്ക് ആ മോതിരം. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം ആകുന്നതിനു മുന്‍പ് തന്നെ ആ മോതിരം അവള്‍ക്ക് നഷ്ടപ്പെട്ടു.
കുളിക്കുന്നതിനു മുമ്പ്ായി ടോയ്ലറ്റിലെ ഫ്‌ളഷ് ടാങ്കിനു മുകളിലായി ഊരിവച്ച മോതിരം ഫ്‌ളഷ് ചെയ്യുന്നതിനിടയില്‍ അബദ്ധവശാല്‍ കൈ തട്ടി ക്ലോസറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. ഷായ്‌ന ഉടന്‍തന്നെ നിക്കിനെ വിവരം അറിയിച്ചു. ആ മോതിരം അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നതിനാല്‍ നിക്ക് സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങി വരെ മോതിരത്തിനായി തിരച്ചില്‍ നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം. അവര്‍ക്കത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ വേദനയോടെ തന്നെ ദമ്പതികള്‍ ആ നഷ്ടപ്പെടലിനോട് പൊരുത്തപ്പെട്ടു.
എന്നാല്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബറില്‍ അവരുടെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിച്ചു. ക്ലോസറ്റ് കേടായതിനെ തുടര്‍ന്ന് നിക്കിന്റെ അമ്മ ഒരു പ്ലംബറെ പുതിയത് ഒന്ന് പിടിപ്പിക്കുന്നതിനായി വിളിച്ചു. ക്ലോസറ്റ് പൊളിച്ചു മാറ്റുന്നതിനിടയില്‍ പ്ലംബറിന് അതിനുള്ളില്‍ നിന്നും ഒരു ഡയമണ്ട് മോതിരം കിട്ടി. അയാള്‍ അത് നിക്കിന്റെ അമ്മയെ ഏല്‍പ്പിച്ചു. ഒറ്റനോട്ടത്തില്‍ അവര്‍ക്കത് തന്റെ മകന്‍ വിവാഹദിനത്തില്‍ മരുമകളെ അണിയിച്ച മോതിരം ആണെന്ന് മനസ്സിലായി. ഏറെ സന്തോഷവതിയായ അവര്‍ ഈ കാര്യം തന്റെ ഭര്‍ത്താവിനെ അറിയിച്ചു.
എന്നാല്‍ അവര്‍ ഇരുവരും മോതിരം തിരികെ കിട്ടിയ കാര്യം നിക്കിനെയോ ഭാര്യയെയോ അറിയിച്ചില്ല. പകരം മോതിരം നന്നായി വൃത്തിയാക്കി ക്രിസ്മസ് ദിനത്തില്‍ അതിമനോഹരമായി പൊതിഞ്ഞ് ആ സമ്മാനം അവര്‍ നിക്കിനും ഷായ്‌നയ്ക്കും നല്‍കി. സമ്മാന തുറന്നു നോക്കിയ നിക്കും ഷായ്‌നയും അമ്പരന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട വിവാഹമോതിരം. ജീവിതത്തില്‍ ഇന്നോളം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നാണ് ഷായ്‌ന ഇതേക്കുറിച്ച് പറഞ്ഞത്.