ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സുപ്രീംകോടതിയിലേക്ക് നേരിട്ട് ഹർജിയുമായി വന്നതിനെയും കോടതി വിമർശിച്ചു. ആദ്യം ഹൈക്കോടതിയിൽ സമീപിച്ച് അവിടെ നിന്നും കേസ് തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യം മനസിലാക്കാം. പക്ഷേ ഇവിടെ നേരിട്ടാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.
നാളെ ഹർജി ഹൈക്കോടതിയിൽ നൽകാനും കോടതി നിർദേശിച്ചു. അതുവരെ പൊളിക്കൽ നടപടി നിർത്തി വയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സിപിഎം ഹർജി പിൻവലിച്ചിട്ടുണ്ട്. പൊളിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന വിമർശനം കേന്ദ്രത്തിന് നേരെയും സുപ്രീംകോടതി ഉയർത്തിയിട്ടുണ്ട്.
ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും ഒഴിപ്പിക്കൽ ശ്രമത്തിന്റെ ഭാഗമായി ഇടിച്ചുനിരത്തൽ നടത്തുന്നത്. സംഭവത്തിൽ സ്ഥലവാസികൾ പ്രതിഷേധവുമായി എത്തി. ഇടിച്ചുനിരത്താനെത്തിയ ബുൾഡോസർ പ്രതിഷേധക്കാർ തടഞ്ഞു.