കൊച്ചി: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ കോടി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കും. കൊച്ചിയില്‍ സുപ്രീം കോടതി ജഡ്ജ് ബിആര്‍ ഗവായി കോടതി ഉദ്ഘാടനം ചെയ്തു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതാണ് ഡിജിറ്റല്‍ കോടതി ആരംഭിച്ചിരിക്കുന്നത്.
അതേസമയം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരമുള്ള കേസുകളില്‍ പരാതി നല്‍കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നതും മുതല്‍ നോട്ടീസ് അയക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി മാറും. ഡിജിറ്റല്‍ ഷെയറിംഗ് സംവിധാനം വഴിയാണ് സമന്‍സ് അയക്കുന്നതും പരാതിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ക്ക് കൈമാറുന്നതും.
അതേസമയം ഡിജിറ്റല്‍ കോര്‍ട്ട് റൂം, ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് ലീഗല്‍ റിസര്‍ച്ച് സെന്റര്‍, ജുഡീഷ്യല്‍ അക്കാദമിയിലെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സിസ്റ്റം എന്നിവയുടെ ഉദ്ഘാടനവും ജസ്റ്റിസ് ഗവായ് നിര്‍വഹിച്ചു.
പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കാന്‍ എറണാകുളത്ത് പ്രത്യേകം ആരംഭിച്ച കോടതി, നിക്ഷേപ തട്ടിപ്പുകളില്‍ അകപ്പെടുന്നവരെ സംരക്ഷിക്കാനുള്ള ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കാനായി ആലപ്പുഴയില്‍ ആരംഭിച്ച കോടതി എന്നിവ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ കോടതി വന്നതോടെ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. ജാമ്യാപേക്ഷകങ്ങളും ഓണ്‍ലൈനായി പരിഗണിക്കും. രാജ്യത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള നിരവധി കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ ഉപയോഗം ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സഹായിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
കൊവിഡ് സമയത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം നല്ല രീതിയില്‍ ഉപയോഗിക്കാനായിരുന്നു. മൗലികാവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ഓക്‌സിജന്‍ അടക്കമുള്ള വൈദ്യ സഹായങ്ങള്‍ എത്തിക്കാനും ജുഡീഷ്യറിക്ക് ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്.
നിയമസംവിധാനം പരാതിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ളവ മനുഷ്യന്റെ ബുദ്ധിക്ക് പകരമാകില്ല. നിയമവശങ്ങളും ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ ഫീഡ് ചെയ്ത് നല്‍കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തീരുമാനമെടുക്കാനാവില്ല. മനുഷ്യ ബുദ്ധിയുടെ ആവശ്യം ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.