പനജി: ഹോട്ടൽ മുറിയിൽ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പൊലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേർപിരിഞ്ഞു കഴിയുന്ന ഭർത്താവ് വെങ്കട്ട് രാമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.. അന്വേഷണവുമായി പ്രതി പൂർണമായും സഹകരിക്കുന്നില്ലെന്നും മകനെ കൊന്നത് നിഷേധിക്കുന്നത് തുടരുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
‘‘കുട്ടിയുടെ മൃതദേഹം ബാഗിൽ കൊണ്ടുപോയി എന്നതുൾപ്പെടെ മറ്റെല്ലാ കാര്യങ്ങളും സമ്മതിച്ചു. എന്നാൽ കുട്ടിയെ കൊന്നത് താനാണെന്ന് പറയാൻ വിസമ്മതിക്കുന്നു. കുട്ടിയുടെ മരണത്തിന് തന്റെ ഭർത്താവാണ് ഉത്തരവാദിയെന്നാണ് ആവർത്തിച്ച് അവകാശപ്പെടുന്നത്.
പ്രതിയെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്നതിനാൽ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ സാംപിൾ എടുക്കുന്നതുപോലുള്ള മറ്റു നടപടിക്രമങ്ങളുമുണ്ട്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സുചനയുടെ മുൻ ഭർത്താവ് വെങ്കട്ട് രാമന്റെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായി’’– അദ്ദേഹം പറഞ്ഞു.
ജനുവരി 8 ന് കർണാടകയിലെ ചിത്രദുർഗയിൽ നിന്നാണ് സുചന (39) അറസ്റ്റിലായത്. ഗോവയിലെ അപ്പാർട്മെന്റിൽ വച്ച് മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി, ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അറസ്റ്റ്.