തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാർത്ത റിപോർട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തിന് എതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചു കേരള പത്ര പ്രവർത്തക യൂണിയൻ. വാർത്ത ജനങ്ങളെ അറിയിക്കുക എന്ന തൊഴിൽ ഉത്തരവാദിത്തമാണ് മാതൃഭൂമി ന്യൂസ് ചെയ്തതെന്നും ഇതിന്റെ പേരിൽ കേസെടുത്ത നടപടി പ്രതിഷേധർഹമാണെന്നും കെയുഡബ്ല്യുജെ പറഞ്ഞു.
വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ പ്രതിയുമായി വന്ന പൊലീസ് സംഘത്തെ തടഞ്ഞു, തെളിവ് നശിപ്പിച്ചു, കൃത്യ നിർവഹണം തടസപ്പെടുത്തി തുടങ്ങി ജാമ്യം ഉള്ളതുമില്ലാത്തതുമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിയുമായുള്ള യാത്രയും അതിലെ സുരക്ഷാവീഴ്ചയും റിപോർട്ട് ചെയ്തതിന്റെ പേരിൽ റിപോർട്ടർ, ക്യാമറാമാൻ, ചാനൽ വാഹന ഡ്രൈവർ എന്നിവരുടെ മൊബൈലും പൊലീസ് അന്യായമായി പിടിച്ചെടുത്തു. ഇത്തരം നടപടികൾ കേരളത്തിൽ മുമ്പുണ്ടാകാത്തതാണ്.
മാധ്യമ സാക്ഷരത കൂടുതലുള്ള കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മാധ്യമ പ്രവർത്തകരുടെ കൃത്യ നിർവഹണമാണ് ഇവിടെ തടഞ്ഞിരിക്കുന്നത്. കേരളത്തിന് കൂടി നാണക്കേടായ ഈ കേസ് പിൻവലിക്കണമെന്നും ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺബാബുവും ആവശ്യപ്പെട്ടു.
നേരത്തെ ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തു കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടർന്ന് ലൈവായി സംപ്രേഷണം ചെയ്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്. മാതൃഭൂമി ന്യൂസിലെ കണ്ണൂർ ജില്ലാ റിപ്പോർട്ടർ ഫെലിക്‌സ്, ക്യാമറാമാൻ ഷാജു ചന്തപ്പുര, ഡ്രൈവർ അസ്ലം എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുക്കുകയും മൊബൈൽ ഫോൺ അടക്കം പിടിച്ചെടുക്കുകയും ചെയ്തത്.
എലത്തൂർ ട്രെയിൻ തീവയ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയുമായി സഞ്ചരിച്ച കാർ കണ്ണൂർ മമ്മാക്കുന്ന് റോഡിൽവച്ച് പഞ്ചറായിരുന്നു. ടയർ മാറ്റാനായി നിർത്തിയപ്പോഴാണ് ചാനൽ സംഘം ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടയർ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനൽസംഘം കാറിനെ പിന്തുടർന്നു തത്സമയ സംപ്രേഷണം നൽകുകയായിരുന്നു. ഇങ്ങനെയുള്ള ഇടപെടലിൽ പെലീസിന് ഡ്യൂട്ടി ചെയ്യാനായില്ലെന്നാണ് കേസ്.
മാർഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. റിപ്പോർട്ടർ അടക്കമുള്ള മൂന്നു പേരെയും പൊലീസ് കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കാസർഗോഡ് ഡി.സി.ആർ.ബി: ഡിവൈ.എസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി.എ. അബ്ദുൾ റഹ്മാനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
കേരളാ പൊലീസിനുള്ളിലെ ചേരിപ്പോരിൽ പി വിജയനെതിരെ നടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഇത്തരം കേസെടുത്തത്. മാതൃഭൂമി ന്യൂസ് ചാനൽ ജീവനക്കാരുടെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കേസിനെ നിയമപരമായി നേരിടും എന്നാണ് ചാനൽ അധികൃതർ പ്രതികരിച്ചത്. മറ്റ് മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷമായിരുന്നു മാതൃഭൂമിയുടെ പ്രതികരണം.