ബെംഗളൂരു: നഗരത്തിലെ അടിപ്പാതയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജന്‍സി എൻജിനീയർമാർക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
സിറ്റി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താന്‍ കാര്‍ അടിപ്പാതയിലിറക്കിയതെന്നും മുന്നോട്ടുപോകാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ നിര്‍ദേശിച്ചതായും ഹരീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ അടിപ്പാതയില്‍ വെള്ളം നിറഞ്ഞതായും കാറിന്റെ എന്‍ജിന്‍ നിന്നുപോയതായും ഹരീഷ് പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച സെന്റ് മാര്‍ത്ത ആശുപത്രിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശനത്തിനെത്തുകയും ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
അപകടത്തിനുശേഷം അടിപ്പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. നഗരത്തിലെ എല്ലാ അടിപ്പാതകളുടേയും സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള നടപടികള്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലിക ആരംഭിച്ചു.