KeralaNews

CAR BURN⚫കാറിൽ തീപടർന്നത് ഡാഷ് ബോർഡിൽനിന്ന്, പെട്രോൾ ടാങ്കിന് തീപിടിച്ചില്ല

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നിന്നെന്ന് നിഗമനം. സ്വന്തം സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്നിക്കിരയായി. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.

തീ പടര്‍ന്നത് ഡാഷ് ബോഡില്‍നിന്നാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആര്‍.ടി.ഒ. പറഞ്ഞു. കാറിന്റെ ഡാഷ് ബോഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ബോഡില്‍ സാനിറ്റൈസര്‍ പോലെ എന്തെങ്കിലും വേഗം തീപ്പിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഫോറന്‍സിക്ക് വിഭാഗവും അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

പ്രസവ വേദനയെത്തുടര്‍ന്ന് കുറ്റിയാട്ടൂരിലെ വീട്ടില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വ്യാഴാഴ്ച രാവിലെ 10.48-ന് ആയിരുന്നു കണ്ണൂരിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ ടി.വി. പ്രജിത്ത് (35)ഭാര്യ കെ.കെ. റീഷ (26)എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകുന്നേരം കുറ്റിയാട്ടൂര്‍ ശാന്തിവനത്തിലാണ് സംസ്കരിക്കുക.

ജില്ലാ ആശുപത്രി, സംഭവസ്ഥലത്തുനിന്ന് കഷ്ടി 75 മീറ്റര്‍ അകലെയും അഗ്നിരക്ഷാ സേനാ നിലയം 40 മീറ്റര്‍ അകലെയും ഉണ്ടായിരുന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ കണ്ടുനിന്ന ആര്‍ക്കും ഒന്നും ചെയ്യാനായില്ല. നാട്ടുകാര്‍ ഓടിയെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനാ യൂണിറ്റില്‍നിന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി. ഹരിദാസന്റെയും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. ലക്ഷ്മണന്റെയും നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന പ്രജിത്തിന്റെയും മുന്‍സീറ്റിലിരുന്ന റീഷയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിയമര്‍ന്നിരുന്നു.

കുറ്റിയാട്ടൂര്‍ ബസാറിലെ കെ.കെ.വിശ്വനാഥന്റെയും ശോഭനയുടെയും മകളാണ് റീഷ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പരേതരായ ഓട്ടക്കണ്ടി ഗോപാലന്റെയും താമരവളപ്പില്‍ കൗസല്യയുടെയും മകനാണ് കരാര്‍ ജോലിക്കാരനായ പ്രജിത്ത്. പ്രജിത്ത്-റീഷ ദമ്പതികളുടെ മൂത്ത മകള്‍ കുറ്റിയാട്ടൂര്‍ യു.പി.സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീപാര്‍വതി. പ്രമോദ്, പ്രകാശന്‍, പ്രശാന്ത്, പ്രസന്ന, പരേതനായ പ്രദീപന്‍ എന്നിവരാണ് പ്രജിത്തിന്റെ സഹോദരങ്ങള്‍. റീഷയുടെ സഹോദരി ജിന്‍ഷ.

അപകട സമയത്ത് കാറില്‍ പ്രജിത്ത്-റീഷ ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി, വിശ്വനാഥന്‍, ഭാര്യ ശോഭന, വിശ്വനാഥന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ സജിന എന്നിവരും ഉണ്ടായിരുന്നു. വിശ്വനാഥന്റെ കാലില്‍ ചെറിയ പൊള്ളലേറ്റതല്ലാതെ മറ്റുള്ളവര്‍ക്ക് പരിക്കുകളൊന്നുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button