കൊല്ലം: സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നിറഞ്ഞകേസായിരുന്നു കുണ്ടറ എസ്എച്ച്ഒ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണം. പോലീസ് ഉദ്യോഗസ്ഥൻ കിടക്കപങ്കിടാൻ ക്ഷണിച്ചെന്ന് ആരോപിച്ച് കുണ്ടറ സ്വദേശിനിയായ നീനു നൗഷാദ് എന്ന യുവതിയാണ് ഫേസ്ബുക്ക് പേജിലൂടെ ആരോപണം ഉന്നയിച്ചിരുന്നത്.
എന്നാൽ ഇത് വ്യാജമാണെന്ന് കാണിക്കുന്ന തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. സംഭവത്തിന് പിന്നാലെ പോലീസിന് എതിരെ വ്യജപരാതി നൽകിയ യുവതിക്ക് എതിരെയും, ഇവരുടെ ഭർത്താവിന് എതിരെയും, ആരോപണം വാർത്തയായി ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജുകളുടെ അവതാരകർക്കും, അഡ്മിൻമാർക്ക് എതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം കൊല്ലം റൂറൽ എസ്പിയുടെ നിർദേശപ്രകാരം കേസും എടുത്തു.
പരാതിക്കാരിയായ നീനുവും സമീപത്തെ വീട്ടുകാരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നു വരുകയായിരുന്നു. സംഭവദിവസം സ്ഥലത്ത് പ്രശ്നം നടക്കുന്നുവെന്നുള്ള കോൾ വന്നതിനെത്തുടർന്ന് സ്റ്റേഷനിൽ നിന്ന് എസ്ഐ ഉൾപ്പെടെ സ്ഥലത്ത്എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് ഇരുകൂട്ടരും സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തങ്ങളെ തെറിവിളിക്കുന്നു എന്ന് കാട്ടിയായിരുന്നു പരാതി നൽകിയത്.
നീനു നൽകിയ പരാതിയിൽ സമീപത്തെ വീട്ടിലെ ചെറുപ്പക്കാരനും അമ്മയും ചേർന്ന് തെറിവിളിക്കുകയും, മർദിക്കുമെന്ന് ഭീഷണിപെടുത്തിയെന്നുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും സിഐ വിളിച്ച് വരുത്തി. നീനുവും, ഭർത്താവ് സജിത്ത്, ഇവരുടെ സുഹൃത്തായ മറ്റൊരു യുവതി, എതിർകക്ഷികൾ എന്നിവരായിരുന്നു സിഐയുടെ റൂമിലേക്ക് എത്തിയത്.
എന്നാൽ സിഐയെ കണ്ട നീനു പറഞ്ഞത് തന്നെ എതിർകക്ഷിയായ യുവാവ് തന്നെ ഉപദ്രവിച്ചു എന്നാണ്. എന്നാൽ എസ്ഐയും സംഘവും സംഭവസ്ഥലത്ത് പൊയി അന്വേഷിച്ചിരുന്നതിനാൽ അവിടെ പരാതിപ്പെട്ടത് പോലെ ഒന്നും ഇല്ലെന്ന് കണ്ടത്തിയിരുന്നു. സിഐയുടെ റൂമിൽ ഇവരുടെ ഭർത്താവും, കുട്ടുകാരിയായ യുവതിയും നീനുവും പറഞ്ഞത് മൂന്ന് തരത്തിലുള്ള കഥകൾ ആയിരുന്നു. ഇതെല്ലാം സിഐയുടെ റൂമിലെ ശബ്ദമടക്കം റിക്കോർഡ് ചെയ്യപ്പെടുന്ന ക്യാമറ റിക്കോഡിങ്ങിലൂടെ കാണാവുന്നതാണ്.
വ്യാജപരാതിയിന്മേൽ യുവാവിനെ കുടുക്കി ജയിലിലടക്കാൻ സിഐ കുട്ടുനിൽക്കില്ലെന്ന് മനസിലാക്കിയ നീനു പ്രകോപിതയായി ഇറങ്ങിപോകുന്നതുമടക്കം സ്റ്റേഷൻ ക്യാമറാ ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ ക്യാമറദൃശ്യത്തെ കുറിച്ച് ഉള്ള വിവരങ്ങൾ അറിയാതെ നീനു പുതിയകഥ മെനയാൻതുടങ്ങി.
താൻ ഒറ്റക്ക് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും, തന്നെ സിഐയുടെ റൂമിൽ കയറ്റിയപ്പോൾ സമീപവാസിയായ യുവാവ് ശരീരത്തിൽ എവിടെയാണ് സ്പർശിച്ചത് എന്നും അത് തുറന്ന് കാട്ടാനും ആവശ്യപ്പെട്ടുവെന്നും, തന്നോടൊപ്പം കിടക്കപങ്കിടുവാണെങ്കിൽ യുവാവിനെ ജയിലിലടക്കാം എന്ന് പറഞ്ഞുവെന്നും ആരോപിച്ച് നീനു ഫേസ്ബുക്ക് പേജിലൂടെ രംഗത്ത് എത്തുകയായിരുന്നു.
വളരെപെട്ടന്ന് തന്നെ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാനും ഈ ഫേസ്ബുക്ക് പേജുകൾക്ക് ആയി. തുടർന്ന് റൂറൽ എസ്പിയുടെയും, ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പോലീസിന് എതിരെ ചമച്ച് വിട്ടത് വ്യാജവാർത്തകൾ ആയിരുന്നെന്ന് കണ്ടെത്തിയത്. തുടർന്ന് കുറ്റക്കാർക്ക് എതിരെ സിഐ രതീഷ് നൽകിയ പരാതിയിന്മേൽ വ്യാജവാർത്ത നൽകിയവർക്കും, പ്രചരിപ്പിച്ചവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസേടുക്കുകയായിരുന്നു.