CrimeKeralaNews

തട്ടിപ്പുപണം വിനിയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനും,ഇരയായത് കയര്‍, തൊഴിലുറപ്പ്, മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ ,അമിതയുടെ തട്ടിപ്പിന്റെ വ്യാപ്തി കൂടും

ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ്മാസ്റ്റർ അമിതാനാഥ് (29) കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് സംശയം. ഈ രീതിയിലും അന്വേഷണം തുടങ്ങി. ആലപ്പുഴ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ നടത്തിയ ക്രമക്കേടിന് അറസ്റ്റിലായ അമിതയെ ഇന്നലെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. 4 വർഷം മുൻപു കാർ എടുത്തതിന്റെ തിരിച്ചടവു ബാധ്യത മാത്രമേ അമിതയ്ക്കും ഭർത്താവ് വൈശാഖിനും ഉണ്ടായിരുന്നുള്ളൂവെന്നു കുടുംബാംഗങ്ങൾ പറയുന്നു. തട്ടിച്ചെടുത്ത തുക അമിതയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണു സൂചന. ഇതും ദുരൂഹത കൂട്ടുന്നു.

ഭർത്താവ് വൈശാഖ് പള്ളിപ്പുറം കേളമംഗലത്തു സ്റ്റുഡിയോ നടത്തുന്നു. അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്. തട്ടിപ്പിന്റെ പരാതി ഉയർന്നപ്പോൾ തന്നെ വൈശാഖിന്റെ കുടുംബം സ്ഥലംവിറ്റു നിക്ഷേപകർക്കു പണം നൽകി കേസ് തീർക്കാൻ ആലോചിച്ചിരുന്നു. വില പൊരുത്തപ്പെടാത്തതിനാൽ വിൽപന നടന്നില്ല. അമിത പള്ളിപ്പുറത്തു ഭർത്താവിന്റെ വീട്ടിൽ താമസിച്ചാണു ജോലിക്കു പോയിരുന്നത്.

അമിത നടത്തിയ തട്ടിപ്പുകൾ സഹപ്രവർത്തകരെയും അമ്പരപ്പിച്ചു. ഹൃദ്യമായി പെരുമാറിയിരുന്നതിനാൽ നിക്ഷേപകർക്കും നല്ല അഭിപ്രായമായിരുന്നു. തട്ടിപ്പിനു നിർബന്ധിതയാക്കിയ സാഹചര്യമെന്താണെന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കും വ്യക്തമാകുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല.

മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ എക്‌സ്ട്രാ ഡിപ്പാർട്‌മെന്റൽ ടെസ്റ്റ് എഴുതിയാണ് ഗ്രാമീൺ ടാക് സേവക് ജീവനക്കാരിയായി അമിത ജോലിയിൽ പ്രവേശിച്ചത്. പിന്നീട് വകുപ്പുതല പരീക്ഷയെഴുതി പോസ്റ്റ്മാസ്റ്റർ ആയി സ്ഥിരനിയമനം ലഭിച്ചു. അതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ സ്ഥാനക്കയറ്റത്തോടെ പോസ്റ്റ്മാൻ ആയി തുറവൂർ പോസ്റ്റ് ഓഫിസിലെത്തി ചുമതലയേറ്റു.

തൊട്ടുപിന്നാലെ, മാരാരിക്കുളത്ത് ജോലി ചെയ്യുമ്പോൾ 5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി പരാതിയെത്തി. അമിത സസ്‌പെൻഷനിലായി. ആരോപണം ശരിവയ്ക്കുന്നതായിരുന്നു വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ധൂർത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണു പണം ചെലവാക്കിയത്. പോസ്റ്റ് ഓഫീസിൽ എത്തുന്നവരോടു നന്നായി ഇടപെടുന്ന പോസ്റ്റ് മാസ്റ്റർ പറഞ്ഞതെല്ലാം ജനം വിശ്വസിച്ചു.

മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസ് പരിധിയിലെ 21 പേരാണു തട്ടിപ്പിനിരയായത്. ഇവിടെ വിവിധ നിക്ഷേപ പദ്ധതികളിലായി 700 പേരുണ്ട്. രേഖകൾ ഹാജരാക്കാൻ എല്ലാവർക്കും തപാൽ വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്നു പരാതി ലഭിച്ചപ്പോൾ തന്നെ വകുപ്പുതല അന്വേഷണം നടത്തിയെന്നും ഗുരുതരമാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പൊലീസിൽ പരാതി നൽകിയതെന്നും ആലപ്പുഴ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ബിന്ദു വർമ പറഞ്ഞു. ഒന്ന്, അഞ്ച് വർഷ കാലാവധിയുള്ള വിവിധ നിക്ഷേപ പദ്ധതികളിൽ അടച്ച തുകയിലാണു ക്രമക്കേട് നടത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതിനൽകിയും പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.

ഇടപാടിനുള്ള റൂറൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ആർ.ഐ.സി.ടി.) യന്ത്രംവഴി പണമടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു പതിവ്. നിക്ഷേപകരെ കബളിപ്പിച്ചശേഷം പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങൾക്കും ആർഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒരുമാസംമുൻപ് ആദ്യം പരാതിയുണ്ടായപ്പോൾ പണം മടക്കി നൽകി പരിഹരിച്ചു. തട്ടിപ്പിനിരയായവരിൽ കൂടുതലും മത്സ്യത്തൊഴിലാളികളാണ്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ അമിതാനാഥിനെതിരെ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാധാരണക്കാരുടെ നിക്ഷേപങ്ങളാണ് തട്ടിയെടുത്തത്. കയർ, തൊഴിലുറപ്പ്, മത്സ്യത്തൊഴിലാളികളായ സ്ത്രീകളാണു കൂടുതലും ഇരയായത്. 21 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണു പ്രാഥമിക വിവരമെങ്കിലും തട്ടിപ്പിന്റെ കണക്ക് ഇനിയും ഉയരും. കഴിഞ്ഞ മാസമാണ് അമിതാനാഥിനെതിരേ ആദ്യ പരാതി വരുന്നത്. പണം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളിയായ വീട്ടമ്മയുടെ മകളുമായുള്ള സൗഹൃദം കേസിൽനിന്നു രക്ഷപ്പെടാൻ സാഹയിച്ചു. നാലരലക്ഷം നഷ്ടപ്പെട്ടവർക്കു ചെക്കും ആധാരവും നൽകിയാണു രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker