ബിസിനസുകാരനെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണംതട്ടി; യുവതിയും ആൺസുഹൃത്തും പിടിയിൽ

തിരൂരങ്ങാടി: ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ യുവതിയെയും യുവാവിനെയും തിരൂരങ്ങാടി പോലീസ് പിടികൂടി. മാനന്തവാടി സ്വദേശിയായ യുവതിയെയും ആണ്‍സുഹൃത്തിനെയുമാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.

കഴിഞ്ഞമാസമാണ് പെരുവള്ളൂര്‍ സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പില്‍ക്കുടുക്കി ഭീഷണിപ്പെടുത്തിയത്. 50,000 രൂപ യുവതി കൈക്കലാക്കുകയും ചെയ്തിരുന്നു. 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് ബിസിനസുകാരന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കേസ് അന്വേഷിച്ച തിരൂരങ്ങാടി പോലീസ് ബാക്കി തുകയുടെ ചെക്ക് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ. കെ.ടി. ശ്രീനിവാസന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News