വിവാഹം 10 ദിവസം മുമ്പ്, നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

ബാലുശ്ശേരി (കോഴിക്കോട്): നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൻ മരിച്ചനിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മി(18)യെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കാണപ്പെട്ടിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.

ഫെബ്രുവരി ഒൻപതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തിൽ വെച്ച് വിവാഹം ചെയ്തത്.

ഒൻപതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടർന്ന് ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റുകൾ അവിടെനിന്നും സൂത്രത്തിൽ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധർ, താമശ്ശേരി ഡപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാ ലക്ഷ്മി. സഹോദരങ്ങൾ: അക്ഷയ, വിശാൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News