ന്യൂഡൽഹി∙ പുതുവത്സര രാവിൽ രാജ്യതലസ്ഥാനത്തിനു ഞെട്ടലായി യുവതിയുടെ നഗ്ന മൃതദേഹം. യുവതിയെ ഇടിച്ച കാർ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഡൽഹി സുൽത്താൻപുരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്നു യുവതിയെ വലിച്ചിഴച്ച് കാർ മുന്നോട്ടു സഞ്ചരിച്ചു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ നഗ്ന മൃതദേഹം കാഞ്ചൻവാലയിലാണു കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന 5 പേരെയും പിന്നീട് പിടികൂടിയെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ, സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി പൊലീസിനു സ്വാതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. സ്കൂട്ടറിൽ ഇടിച്ചെന്നു മനസ്സിലായിട്ടും കാർ നിർത്താതെ പോവുകയായിരുന്നു എന്നാണു സൂചന. ഇടിയെത്തുടർന്നു യുവതിയുടെ വസ്ത്രം കാറിൽ കുരുങ്ങി. വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ യുവതി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു.
യുവതി വലിച്ചിഴയ്ക്കപ്പെടുന്നതു കണ്ട ഒരാൾ കാർ നമ്പറടക്കം പൊലീസിനെ വിളിച്ചറിയിച്ചു. പരിശോധിക്കാൻ ഇറങ്ങിയ പൊലീസ് യുവതിയുടെ മൃതദേഹം റോഡിനു നടുക്കു കിടക്കുന്നതാണു കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നാണു പ്രതികൾ ചോദ്യം ചെയ്യലിൽ ആദ്യം പൊലീസിനോടു പറഞ്ഞത്. അപകടമുണ്ടായെന്നും എന്നാൽ യുവതിയെ വലിച്ചിഴച്ചില്ലെന്നും പിന്നീടു മൊഴി നൽകി.
യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തൽ. യുവതിയും പ്രതികളും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി.