ഉന്നാവ്: ഉത്തര്‍പ്രദേശില്‍ രണ്ടുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം എസ്പി നേതാവും മുന്‍മന്ത്രിയുമായ ആളുടെ മകന്‍റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം.മുൻമന്ത്രി കൂടിയായ ഫത്തെ ബഹദൂർ സിങ്ങിന്റെ മകനെതിരെ പെണ്കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത് എത്തിയിട്ടുണ്ട്. വളരെ ഗൗരവമേറിയ കാര്യമാണ് ഇതെന്നാണ് മായവതി പ്രതികരിച്ചത്.
പ്രദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉന്നാവ് ജില്ലയിലെ കാബ്ബ കേദാ പ്രദേശത്തെ അശ്രമത്തിന് അടുത്തുള്ള ആളോഴിഞ്ഞ പറമ്പിലെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ നേരത്തെ എസ്.പി മുന്‍ മന്ത്രിയുടെ മകന്‍ രജോള്‍ സിംഗിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് എത്തിയികുന്നു. 2021 ഡിസംബര്‍ 8നാണ് യുവതിയെ കാംഷിറാം ചൗക്ക് ഏരിയയില്‍ നിന്നും കാണാതായത്.
ഫെബ്രുവരി 4ന് പൊലീസ് രജോള്‍ സിംഗിനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു. ഇയാളുടെ സഹായി സൂരജിലേക്കും അന്വേഷണം നീണ്ടു. ഇയാളില്‍ നിന്നാണ് രജോള്‍ കൊലപാതകം നടത്തിയെന്ന സൂചനയും, മൃതദേഹം ഒളിപ്പിച്ചയിടത്തെക്കുറിച്ചുള്ള സൂചനയും ലഭിച്ചത്. രജോള്‍ പെണ്‍കുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തുകയും സഹായികള്‍ക്കൊപ്പം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു, എന്നാണ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ശശി ശേഖര്‍ സിംഗ് പറയുന്നത്.
കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിവാക്കുന്നത്. തലയില്‍ മറ്റ് രണ്ട് മുറിവുകളും ഉണ്ട്. വ്യക്തമായ വിവരങ്ങളെ തുടര്‍ന്നാണ് മുന്‍ മന്ത്രി പുത്രന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിച്ചത് എന്നും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.
സമാജ്വാദി പാര്‍ട്ടി നേതാവിന്‍റെ മകനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയം വീട്ടുകാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. അതിനാല്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം മായാവതി ട്വീറ്റ് ചെയ്തു.
അതേ സമയം കഴിഞ്ഞ ജനുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ ലഖ്നൗവില്‍ അഖിലേഷ് യാദവിന്‍റെ വാഹനത്തിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. ഇത് ബിജെപി നേതാക്കള്‍ അടക്കം ട്വീറ്റ് ചെയ്തിരുന്നു. ‘രണ്ട് മാസത്തോളം പൊലീസ് നടത്തിയ അന്വേഷണം മകളുടെ മൃതദേഹമെങ്കിലും ലഭിച്ചു, കുറ്റവാളികളെ തൂക്കിക്കൊല്ലണം’ പെണ്‍കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും, കേസിന്‍റെ തുടക്കത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഓഫീസറെ പിരിച്ചുവിടുകയും ചെയ്യണമെന്നും, അല്ലാതെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് അറിയിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.