ഡല്‍ഹി: തൃക്കാക്കരയെ കൂടാതെ രാജ്യത്തെ മറ്റു രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന തിരഞ്ഞെടുപ്പില്‍ ധാമി മൊത്തം പോള്‍ ചെയ്യപ്പെട്ടതിന്റെ 92.94 വോട്ടുകളും സ്വന്തമാക്കി. ധാമി 58258 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല ഗഹ്‌തോരിക്ക് 3233 വോട്ടുകള്‍ മാത്രമാണ് ജയിച്ചത്. 55025 വോട്ടുകളുടെ ഭൂരിപക്ഷം.
ഫെബ്രുവരിയില്‍ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാതിമയില്‍ മത്സരിച്ച ധാമി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കല്‍ അനിവാര്യമായിരുന്നു ധാമിക്ക്. ചമ്പാവത്തിലെ ബിജെപി എംഎല്‍എ ആയിരുന്ന കൈലാഷ് ഗെഹ്‌തോരി രാജിവെച്ചാണ് ധാമിക്ക് മത്സരിക്കാന്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കികൊടുത്തത്.
ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. ബിജെഡി എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എയുടെ ഭാര്യ അലക മൊഹന്ദിയാണ് മത്സരിച്ച് ജയിച്ചത്. കോണ്‍ഗ്രസിലെ കിഷോര്‍ ചന്ദ്രപട്ടേലിനെയാണ് പരാജയപ്പെടുത്തിയത്.
തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് 25016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയിരുന്നു.