NationalNews

രാജ്യസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇറങ്ങിപ്പോയി ബിജെഡിയും; ബിജെപിക്ക് പിന്തുണയില്ല

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ബി ജെ ഡിയും. ഒരുകാലത്ത് രാജ്യസഭയില്‍ നിന്ന് നിരവധി വിവാദ ബില്ലുകള്‍ പാസാക്കാന്‍ എന്‍ ഡി എയെ സഹായിച്ച കക്ഷിയാണ് ബി ജെ ഡി. രാജ്യസഭയില്‍ ബി ജെ ഡി, വൈ എസ് ആര്‍ സി പി തുടങ്ങിയ കക്ഷികളുടെ ബലത്തിലായിരുന്നു ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ പല വിവാദ ബില്ലുകളും പാസാക്കിയിരുന്നത്.

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യ രൂപീകരിച്ചപ്പോഴും ഈ കക്ഷികള്‍ സഹകരിച്ചിരുന്നില്ല. എന്‍ഡിഎ ഇതര, യുപിഎ ഇതര കക്ഷിയായി തുടരുകയായിരുന്നു ബിജെഡിയും വൈഎസ്ആര്‍സിപിയും ചെയ്തിരുന്നത്. എങ്കിലും രാജ്യസഭയില്‍ അവശ്യഘട്ടങ്ങളില്‍ എല്ലാം ബിജെപിയുടെ സഹായത്തിനെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സ്ഥിതി മാറി.

ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി. കൂടാതെ ലോക്‌സഭയിലേക്ക് ബിജെഡിക്ക് ഒരു എംപിമാരെ പോലും അയയ്ക്കാനുമായില്ല. ആന്ധ്രയിലെ വൈഎസ്ആര്‍സിപിയുടെ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചത് ടിഡിപി-ജനസേന-ബിജെപി കൂട്ടുകെട്ടാണ്. എങ്കിലും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു.

എന്നാല്‍ നിലവില്‍ പാര്‍ലമെന്റില്‍ രാജ്യസഭയില്‍ മാത്രം സാന്നിധ്യമുള്ള ബിജെഡി, ബിജെപി വിരുദ്ധ പക്ഷത്തായിരിക്കും എന്ന വ്യക്തമായ സൂചനയാണ് ആദ്യ സമ്മേളനത്തില്‍ തന്നെ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിക്കിടെ പാര്‍ട്ടിയുടെ ഒമ്പത് എംപിമാരും പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനൊപ്പം ചേരുകയായിരുന്നു. മുന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷ വാക്കൗട്ടിന് കാരണമായത്.

ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചിലര്‍ക്ക് അറിയാം എന്നും അവര്‍ക്ക് ജോലിയൊന്നും ചെയ്യാതെ എങ്ങനെ കാത്തിരിക്കണമെന്ന് നന്നായി അറിയാം എന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനോട് ഇടപെടാന്‍ അനുമതി അഭ്യര്‍ത്ഥിച്ചെങ്കിലും അംഗീകരിച്ചില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ, വിവരാവകാശ നിയമം, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തലസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്ന നിയമം എന്നിവയിലെ ഭേദഗതികളിലാണ് ബിജെപി സര്‍ക്കാരിന് ബിജെഡിയുടെ പിന്തുണ ലഭിച്ചിരുന്നത്.

ഇക്കാലമത്രയും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തങ്ങള്‍ തുല്യ അകലത്തിലാണെന്നും വിഷയാടിസ്ഥാനത്തിലുള്ള പിന്തുണ മാത്രമാണ് കേന്ദ്രത്തിന് നല്‍കുന്നതെന്നും ബിജെഡി വാദിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെഡിയുടെ ഒമ്പത് രാജ്യസഭാ എം പിമാരോടും ഊര്‍ജ്ജസ്വലവും ശക്തവുമായ പ്രതിപക്ഷമായി ഉയര്‍ന്നുവരാന്‍ പട്‌നായിക് ആവശ്യപ്പെടുകയായിരുന്നു.

ഒഡീഷയുടെ താല്‍പ്പര്യങ്ങള്‍ കേന്ദ്രം അവഗണിച്ചാല്‍ പാര്‍ട്ടി എംപിമാര്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി ഉപരിസഭയിലെ ബിജെഡി നേതാവ് സസ്മിത് പത്ര പറഞ്ഞു. ‘ബിജെഡി എംപിമാര്‍ ഇത്തവണ പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങില്ല. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒഡീഷയുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു’, അദ്ദേഹം പറഞ്ഞു.

ഇനി ബിജെപിക്ക് പിന്തുണയില്ല, പ്രതിപക്ഷം മാത്രം. ഒഡീഷയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരെയും പോകുമെന്നും ഒഡീഷയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ അവഗണിക്കുന്നത് തുടരുകയാണെങ്കില്‍ ശക്തവും ഊര്‍ജ്ജസ്വലവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പാത്ര പിടിഐയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button