ന്യഡല്‍ഹി: ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു.
ആറന്മുളയിലെ വീണയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്‍റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്‍റ് അഡ്വക്കേറ്റ് വി ആര്‍ സോജിയാണ് സുപ്രീം കോടിയെ സമീപിച്ചത്. പത്രികാ സമര്‍പ്പണത്തിലെ അപാകതയാണ് വീണക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹർജിക്കാർ ആരോപിച്ചു.
ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണ ജോര്‍ജിന്‍റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വീണ ജോര്‍ജ് എംഎല്‍എ മതപ്രചാരണം നടത്തിയെന്ന ഹര്‍ജി 2017 ഏപ്രില്‍ 12ന് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചുവെന്നത് തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി നീരീക്ഷണം ശരിവെച്ച സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. വീണ ജോർജിനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ വാദിച്ചു. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ കൈലാസനാഥ പിള്ള ഹാജരായി.