യുദ്ധം ആരംഭിച്ചെന്ന് ആയത്തുള്ള അലി ഖമീനി; ബങ്കറിൽ കഴിയുന്നതിനിടെ അധികാര കൈമാറ്റം നടന്നതായും റിപ്പോർട്ടുകൾ

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാംദിവസത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നയം വ്യക്തമാക്കി യുദ്ധം ആരംഭിച്ചെന്ന മറുപടിയുമായി ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയത്. ഖമീനി എവിടെയാണുള്ളതെന്ന് യുഎസിന് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇസ്രയേലിന്റെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയ ആയത്തുള്ള അലി ഖമീനി ഇറാന്‍ സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസിന്റെ ഭീഷണിയും ഇസ്രയേലിന്റെ ആക്രമണവും തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് തന്റെ സുപ്രധാന അധികാരങ്ങള്‍ ഇറാന്‍ സൈന്യത്തിന്റെ സുപ്രീംകൗണ്‍സിലിന് കൈമാറിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് ഖമീനിയും കുടുംബാംഗങ്ങളും വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ബങ്കറിലേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മകന്‍ മുജ്തബ ഉള്‍പ്പെടെയുള്ളവരാണ് ഖമീനിക്കൊപ്പം ബങ്കറിലുള്ളതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

വിശ്വസ്തരായ സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ആയത്തുള്ള അലി ഖമീനി ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. കഴിഞ്ഞദിവസം ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറായ അലി ഷാദെമാനിയെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഉന്നത കമാന്‍ഡര്‍മാര്‍ അടക്കം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാന്റെ നേതൃത്വത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News