ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല.
ഒക്ടോബർ 31 വരെയായിരുന്നു വിലക്ക്. ഇതാണിപ്പോൾ നവംബർ 30 വരെ ദീർഘിപ്പിച്ചത്. 2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. എന്നാൽ പിന്നീടിതിന് ഇളവ് നൽകിയിരുന്നു.
അതേസമയം ഇന്ത്യ 25 ഓളം രാജ്യങ്ങളുമായി അന്താരാഷ്ട്ര തലത്തിൽ വിമാന സർവീസ് നടത്താനുള്ള ബബ്ൾ പാക്ടിൽ എത്തിയിട്ടുണ്ട്. യുകെയും യുഎസും അടക്കമുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം രാജ്യങ്ങളിലേക്ക് വിമാന കമ്പനികൾക്ക് അനുമതിയോടെ സർവീസ് നടത്താനും അനുവാദമുണ്ട്.