കൊച്ചി;ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒരൊറ്റ രംഗത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായി മാറാൻ പ്രിയക്ക് കഴിഞ്ഞിരുന്നു. ഇതോടെ നിരവധി അവസരങ്ങളാണ് അന്യഭാഷകളിൽ നിന്നടക്കം നടിയെ തേടി എത്തിയത്.
ഒരു അഡാർ ലവിന് ശേഷം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ച പ്രിയ ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ജൂൺ സിനിമയിലൂടെ ശ്രദ്ധനേടിയ സർജാണോ ഖാലിദ് നായകനായ ചിത്രത്തിലെ നായികയാണ് പ്രിയ. നവംബർ 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് പ്രിയ വാര്യർ ഇപ്പോൾ. നിരവധി അഭിമുഖങ്ങളിലാണ് താരം പങ്കെടുക്കുന്നത്. പ്രൊമോഷന്റ ഭാഗമായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വസ്ത്രധാരണത്തിന്റെയും ബോൾഡ് ഫോട്ടോഷൂട്ടുകളുടെയും പേരിൽ താൻ നിരന്തരം നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമാണ് പ്രിയ സംസാരിച്ചത്. പ്രിയയുടെ വാക്കുകൾ ഇങ്ങനെ.
ബോൾഡ് എന്ന വാക്ക് നോർമലൈസ് ചെയ്യപ്പെടേണ്ട സമയം കഴിഞ്ഞെന്ന് താരം പറയുന്നു. ‘അത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എന്നെയോ എന്റെ വീട്ടുകാരെയോ ബാധിക്കുന്നില്ലെന്നുറപ്പുള്ളവ ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്നതിൽ മറ്റുള്ളവർക്ക് അമർഷം തോന്നേണ്ട കാര്യമില്ലല്ലോ. സൈബർ ബുള്ളിയിങ് ഒരുപാട് തവണ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാൻ,’
‘ഫോട്ടോഷൂട്ടുകളിലെ വേഷങ്ങളുടെ പേരിൽ നേരിടേണ്ടി വന്ന ആക്രമണങ്ങൾ ചെറുതൊന്നുമല്ല. തുടക്കത്തിൽ സങ്കടം തോന്നിയിട്ടുണ്ട്. അത്തരം വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാതെ വിഷമിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അത്തരം ചർച്ചകൾ കാര്യമാക്കാറില്ല. വിമർശനങ്ങൾ ശ്രദ്ധിക്കും. വേണ്ടതു സ്വീകരിക്കും. അങ്ങനെ മുന്നോട്ടു പോകുന്നതാണ് നല്ലത്’, പ്രിയ പറഞ്ഞു.
തന്റെ ആദ്യ സിനിമയും ഗാനം ശ്രദ്ധിക്കപ്പെട്ടതുമെല്ലാം ഭാഗ്യമായാണ് കാണുന്നതെന്ന് പ്രിയ പറയുന്നുണ്ട്. അഭിനയം രംഗം തനിക്ക് ഒട്ടും എളുപ്പമെല്ലന്നും ഒരു അഭിനേതാവ് എന്ന നിലയിൽ താൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടതുണ്ടെന്നും നടി പറഞ്ഞു. ചെറുപ്പം മുതൽ പഠിക്കുന്നത് കൊണ്ടു തന്നെ പാട്ടാണ് തനിക്ക് ആത്മവിശ്വാസമുള്ള മേഖലയെന്ന് പാറിയ പറഞ്ഞു.
പാഷൻ പ്രഫഷനാക്കുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. പക്ഷേ, തനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചെന്ന് താരം പറഞ്ഞു. ‘പതിനെട്ടാമത്തെ വയസ്സിലാണ് ഒരു അഡാർ ലവ്. അന്നു മുതൽ ഈ പ്രഫഷൻ സാമ്പത്തിക സുരക്ഷിതത്വം നൽകിയിട്ടുണ്ട്. അതു നൽകിയ സ്വാതന്ത്ര്യവും ഞാൻ ഏറെ ആസ്വദിക്കുന്നുണ്ട്. അമിതമായി പണം ചെലവാക്കുന്നു, ധൂർത്തടിക്കുന്നു എന്നല്ല. പക്ഷേ, നമുക്ക് വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം അത് മറ്റൊരു ലെവലാണ്’, പ്രിയ പറയുന്നു.
അന്യഭാഷകളിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ചും പ്രിയ സംസാരിച്ചു. ‘മനഃപൂർവം ഇതരഭാ ഷാ ചിത്രങ്ങൾ തിരഞ്ഞെടുത്തതല്ല. ആദ്യ ചിത്രത്തിനു ശേഷം കൂടുതൽ ഓഫറുകൾ വന്നത് കേരളത്തിനു പുറത്തു നിന്നായിരുന്നു. ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ ഒരു ഹിന്ദി ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് ചിത്രങ്ങൾ റിലീ സ് ആയി. കന്നഡ ചിത്രം അടുത്ത വർഷം റിലീസാകും. ശ്രീദേവി ബംഗ്ലാവും അടുത്തു തന്നെ റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷ. ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിങ് കഴിഞ്ഞതാണ്’,
‘മികച്ച കഥാപാത്രങ്ങളെ അവതരി പ്പിക്കുക എന്നതു തന്നെയാണ് ലക്ഷ്യവും ആഗ്രഹവും. കുറെ നല്ല സിനിമകളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക ചെറുപ്പം മുതലേയുള്ള സ്വപ്നമാണത്. മറ്റൊന്നിനെക്കുറിച്ചും ചെറുപ്പത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ കണ്ട സ്വപ്നം സിനിമയാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെ. സിനിമാ സ്വപ്നവുമായി ജീവിക്കുന്നവരോടും പറയാനുള്ളത് അതു മാത്രമാണ്. സ്വപ്നം കണ്ടു കൊണ്ടേയിരിക്കുക, അതിനായി പരിശ്രമിക്കുക. അത് ഫലം കണ്ടിരിക്കും,’ പ്രിയ വാര്യർ പറഞ്ഞു.