കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ‘സ്വപ്‍ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്’. ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും, കണ്ണൂർ അഡീഷണൽ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. .11 അംഗ സംഘത്തിൽ പത്ത് അസിസ്റ്റന്റ് കമ്മീഷണർമാരും ഒരു ഇൻസ്പെക്ടറും ഉണ്ട്.
സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി.ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെയായിരുന്നു ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം. കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെ ടി ജലീല്‍. ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി. സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു
മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു. പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു. പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സർക്കാരിനെതിരെയുള്ളത് ഗൗരവമുള്ള ആരോപണമാണ്. കേന്ദ്ര ഏജൻസികൾ എന്തു ചെയ്യുന്നുവെന്ന് ജനം ഉറ്റുനോക്കുകയാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.
കോടതിയുടെ വരാന്തയിൽ നിൽക്കാത്ത കേസാണ് സ്വപ്നക്കെതിരെ യെടുത്തിട്ടുള്ളത്. ഇനി ഒരാളും പരാതി നൽകാതിരിക്കാൻ ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നത്. സ്വപ്നയുടെ മൊഴിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുകയാണ്. കേരളം വെള്ളരിക്കാ പട്ടണമല്ല. ഇതിന്‍റെ പകുതി ശുഷ്കാന്തി വാളയാര്‍ കേസിലും അട്ടപ്പാടി മധു കേസിലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല.
കേസിന്‍റെ കാര്യത്തില്‍ നടത്തിയ ഒത്തുതീർപ്പിന് കേരളത്തിലെ ബിജെപി നേതാക്കളും മറുപടി പറയണം. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇവിടെ നടക്കുന്നത്.
സര്‍ക്കാരിനെതിരായ പ്രതിഷേധം യു.ഡി.എഫ് കടുപ്പിക്കും. പി.സി.ജോർജിന് എന്തു പ്രസക്തിയാണ് ഈ കേസില്‍ ഉള്ളത് . കേന്ദ്ര ഏജൻസികൾ സർക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ല. കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.