24.5 C
Kottayam
Monday, May 20, 2024

വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അഡ്മിൻ ഉത്തരവാദിയല്ല; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

Must read

മുംബൈ: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പുർ ബെഞ്ചാണ് നിർണായക വിധി പ്രസ്താവം നടത്തിയത്.

ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ വന്ന അശ്ലീല പരാമർശങ്ങളുടെ പേരിൽ അഡ്മിനെതിരെ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് അംഗീകാരം നൽകാൻ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പിൽ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിൽ ഒരു അംഗം പരാമർശം നടത്തിയിട്ടും അഡ്മിൻ അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി പരാതി നൽകിയത്. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുക, അനുയോജ്യമല്ലാത്ത പോസ്റ്റുകൾ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഗ്രൂപ്പ് അഡ്മിനുള്ളത്. ഗ്രൂപ്പിൽ അംഗമായ ആൾക്ക് അഡ്മിനിന്റെ മുൻകൂർ അനുമതിയില്ലാതെ എന്തു പരാമർശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കിൽ മാത്രമെ ഇക്കാര്യത്തിന്റെ പേരിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ കഴിയൂവെന്ന് വിധിയിൽ വ്യക്തമാക്കുന്നു.

അശ്ലീല പരാമർശം നടത്തിയയാളോട് ഖേദപ്രകടനം നടത്താൻ ആവശ്യപ്പെടാനോ അയാളെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കാനോ അഡ്മിൻ തയ്യാറായില്ലെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഗ്രൂപ്പ് അംഗം നടത്തിയ പരാമർശത്തിന്റെ പേരിൽ അഡ്മിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗം അധിക്ഷേപകരമായ പരാമർശം നടത്തിയാൽ അയാൾക്കെതിരെ നടപടിയെടുക്കാം എന്നല്ലാതെ ഗ്രൂപ്പ് അഡ്മിനെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയില്ലെന്ന് കോടതി അറിയിച്ചു. അങ്ങനെ നടപടിയെടുക്കണമെങ്കിൽ അഡ്മിനും കൂടി അറിഞ്ഞ് പൊതു ഉദ്ദേശ്യത്തോടെയാണ് പരാമർശം നടത്തിയതെന്ന് തെളിയിക്കാനാവണമെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week