ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വോട്ടുചെയ്ത എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്ധമായ രാഷ്ട്രീയ വിരോധത്തിന് തിരിച്ചടി നേരിട്ടു. കേരളത്തിലെ എംഎല്‍എമാര്‍ക്കിടയിലും മോദി അനുകൂല നിലപാടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്. വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.
നേരത്തേ, ദ്രൗപദി മുർവിനു കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രതിപക്ഷത്ത് നിന്നിട്ടും ദ്രൗപതി മുര്‍മ്മുവിന് വോട്ട് ചോര്‍ന്നതിൽ ഞെട്ടി മുന്നണികൾ. ക്രോസ് വോട്ട് ചെയ്തതാരെന്ന് രാഷ്ട്രീയ പാര്‍ട്ടികൾ തിരക്കിട്ട് അന്വേഷിക്കുമ്പോൾ ഏക പോസിറ്റീവ് വോട്ടെന്ന് പ്രതികരിച്ച് സംഭവം അനുകൂലമാക്കിയെടുക്കുകയാണ് ബിജെപി. ആരുടെ വോട്ടെന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമൊന്നുമില്ല. വോട്ട് മൂല്യം മുഴുവൻ കിട്ടുന്ന സംസ്ഥാനമെന്ന പരിഗണനയിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ പ്രചാരണം തുടങ്ങിയത് പോലും കേരളത്തിൽ നിന്നാണ്. എൽഡിഎഫും യുഡിഎഫും ദേശീയ രാഷ്ട്രീയത്തിനെതിരായെടുക്കുന്ന നയസമീപനം വലിയ പിൻബലവുമായിരുന്നു. ഇതിനിടക്കാണ് ക്രോസ് വോട്ട് വില്ലനായി എത്തിയത്.
ഉൾപാര്‍ട്ടി പരിശോധനകൾ കോൺഗ്രസ് ഒറ്റക്കും യുഡിഎഫ് കൂട്ടായും നടത്തുന്നുണ്ട്. കേരള നിയമസഭയിൽ നിന്ന് മുര്‍മുവിന് വോട്ട് കിട്ടിയതിന്റെ ആവേശത്തിലാണ് ബിജെപി.ആകസ്മികമായി സംഭവിച്ചതല്ലെന്നും രണ്ട് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.എം പിമാരേയും എംഎൽഎമാരേയും കണ്ടപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പലരും പറഞ്ഞിരുന്നു
എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹം പലരും പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടികള്‍ പരിശോധന നടത്തണമെന്നും ഇക്കാര്യത്തില്‍ അന്വേഷണത്തിന് പരിമിതിയുണ്ടെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.
അതിനിടെ ക്രോസ് വോട്ട് ചര്‍ച്ചകൾ കക്ഷി രാഷ്ട്രീയം കടന്ന് ആക്ഷേപ ഹാസ്യങ്ങൾക്കും ട്രോളുകൾക്കും വഴിമാറികഴിഞ്ഞു. മന്ത്രി വി ശിവൻകുട്ടി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ട്രോൾബൂത്തിലിടം നേടി. ഒറ്റയാൾ പാര്‍ട്ടി പ്രതിനിധികളാകട്ടെ ഒന്നാകെ സംശയ നിഴലിലാണ്. കോവൂര്‍ കുഞ്ഞുമോനും കെകെ രമയും മാണി സി കാപ്പനും മുൻനിരയിലുണ്ട് . ദേശീയ തലത്തിൽ മുര്‍മുവിന് അനുകൂലമായി നിലപാട് എടുത്തത് കൊണ്ട് രണ്ട് ജനതാദൾ എംഎൽഎമാര്‍ക്കും രക്ഷയില്ല. ചുരുക്കി പറഞ്ഞാൽ ആരുടെ വോട്ടെന്ന് അറിയാൻ ഒരു വഴിയും ഇല്ലെന്നിരിക്കെ ആര്‍ക്കും ആരേയും സംശയിക്കാവുന്ന അവസ്ഥയിലാണിപ്പോൾ രാഷ്ട്രീയ കേരളം.