കൊച്ചി:മലയാള സിനിമയിൽ സംവിധായകനായും നടനായും സുപരിചൻ ആണ് സിദ്ധാർത്ഥ് ഭരതൻ. നമ്മൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിദ്ധാർത്ഥ് പിന്നീട് ഒളിപ്പോര്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കരിയറിൽ ഉയർച്ച താഴ്ചകൾ നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വന്ന ആളാണ് സിദ്ധാർത്ഥ് ഭരതൻ.
നിദ്ര ആണ് സിദ്ധാർത്ഥ് ഭരതൻ ആദ്യം സംവിധാനം ചെയ്യുന്ന സിനിമ. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുൾപ്പെടെ ചെയ്തു. സംവിധാനത്തിൽ നീണ്ട ഇടവേള സിദ്ധാർത്ഥിന് വന്നു. ചതുരം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.
സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. കരിയറിൽ സിദ്ധാർത്ഥിന്റെ ഏറ്റവും മികച്ച സിനിമ ആണിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മലയാള സിനിമ കണ്ട പ്രഗൽഭനായ സംവിധായകൻ അന്തരിച്ച ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ. കെപിഎസി ലളിത അടുത്തിടെ ആണ് മരിച്ചത്.
ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ, മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തിൽ ഖേദം തോന്നുന്നത് തീരുമാനമെന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിദ്ധാർത്ഥ്.
‘എന്റെ ആദ്യ വിവാഹം ആയിരിക്കും. ആ കൊച്ചിന്റെ ജീവിതം വെറുതെ ഡപ്പായി. അത് ചെയ്യാൻ പാടില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു. അന്ന് ഒരു നല്ല തീരുമാനം എടുക്കാമായിരുന്നു. ആ കുട്ടിയുടെ ജീവിതവും ഞാൻ ചളകുളമാക്കി,’ സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.
2008 ലായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. മുംബൈയിൽ ഫാഷൻ ഡിസൈനർ ആയിരുന്ന അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. 2012 മുതൽ ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്. സിദ്ധാർത്ഥ് പിന്നീട് രണ്ടാം വിവാഹവും കഴിച്ചു. സുജി ശ്രീധർ ആണ് സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ. രണ്ടാം വിവാഹം കഴിക്കുമ്പോൾ അമ്മ കെപിഎസി ലളിത നൽകിയ ഉപദേശത്തെക്കുറിച്ച് സിദ്ധാർത്ഥ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.
എല്ലാ കാര്യങ്ങളും അമ്മയോട് സംസാരിക്കുമായിരുന്നു. ആദ്യ വിവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോട് ആയിരുന്നു. ഇതെങ്കിലുമെന്ന് നേരെ കൊണ്ട് പോകണമെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. പിന്നീട് അമ്മയാണ് എല്ലാ കാര്യങ്ങളും ശരിയാക്കിയതെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.
ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കെപിഎസി ലളിത മരിച്ചത്. കരൾ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. ഏറെ നാളായി ചികിത്സയിൽ ആയിരുന്നു നടി. അമ്മയുടെ സ്നേഹത്തെക്കുറിച്ചും സിദ്ധാർത്ഥ് സംസാരിച്ചു. ഷൂട്ടുള്ള സമയത്തും അമ്മ രാവിലെയും വൈകുന്നേരവും വിളിക്കുമായിരുന്നു. അവസാന കാലത്ത് ആളുകളെ തിരിച്ചറിയാതായി. പക്ഷെ തന്റെ ശബ്ദം തിരിച്ചറിയുമായിരുന്നു. താൻ പറഞ്ഞാൽ മാത്രമേ മരുന്ന് പോലും കഴിക്കുമായിരുന്നുള്ളൂ എന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.